ടി.വി.കെ കുതിപ്പിൽ അടിതെറ്റി എം.കെ. സ്റ്റാലിൻ, തമിഴ്നാട് മുഖ്യമന്ത്രിക്ക് ഞെട്ടിക്കുന്ന തോൽവി
text_fieldsചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ തലവനുമായ എം.കെ. സ്റ്റാലിന് ഞെട്ടിക്കുന്ന തോൽവി. പാർട്ടിയുടെ ശക്തികേന്ദ്രമായ കൊളത്തൂർ സീറ്റിൽ തമിഴക വെട്രി കയകം (ടി.വി.കെ) സ്ഥാനാർഥി വി.എസ്. ബാബുവാണ് സ്റ്റാലിനെ അട്ടിമറിച്ചത്.
7700 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സ്റ്റാലിന്‍റെ തോൽവി. എ.ഐ.എ.ഡി.എം.കെ സ്ഥാനാർത്ഥി ആർ. ശാന്തനകൃഷ്ണൻ മൂന്നാം സ്ഥാനത്തായി. ഡി.എം.കെ അധ്യക്ഷന്‍ കൂടിയായ സ്റ്റാലിൻ 2011 മുതൽ കയ്യടക്കിവച്ച സീറ്റാണ് കൊളത്തൂർ. 2021ൽ എ.ഐ.എ.ഡി.എം.കെയുടെ ആദി രാജാറാമിനെതിരെ 70,384 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്റ്റാലിൻ കൊളത്തൂരില്‍നിന്നു ജയിച്ചുകയറിയത്. ടിവികെയുടെ ജോയിന്റ് ജനറൽ സെക്രട്ടറി വി.എസ്. ബാബു.
തമിഴക രാഷ്ട്രീയത്തിൽ നിർണായക ശക്തിയായി നടൻ വിജയിയുടെ തമിഴക വെട്രി കഴകം മാറി. 105 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റ കക്ഷിയായി രാഷ്ട്രീയ നിരീക്ഷകരെപോലും ഞെട്ടിച്ചിരിക്കുകയാണ് വിജയ്. ഒറ്റക്ക് ഭരിക്കാൻ ഭൂരിപക്ഷമില്ലാത്തതിനാൽ എ.ഐ.എ.ഡി.എം.കെയും വിജയിയും കൈകോർക്കുമോ എന്ന ചർച്ചകളാണ് ഇപ്പോൾ ചെന്നൈയിലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാകുന്നത്.
2025 അവസാനത്തോടെ ഇരുപാർട്ടികളും തമ്മിൽ അനൗദ്യോഗിക ചർച്ചകൾ നടന്നിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ വിജയ് മുന്നോട്ടുവെച്ച കടുത്ത നിബന്ധനകൾ സഖ്യനീക്കങ്ങൾക്ക് തിരിച്ചടിയായി. 1977ൽ എം.ജി. രാമചന്ദ്രൻ (എം.ജി.ആർ) കുറിച്ച റെക്കോഡിന് ശേഷം ഇതാദ്യമായാണ് ഒരു സിനിമ താരം സ്വന്തം പാർട്ടി രൂപവത്കരിച്ച് തമിഴ് മണ്ണിൽ ഇത്രയും വലിയ മുന്നേറ്റം നടത്തുന്നത്.
അതിനുശേഷം തമിഴ്‌നാട്ടിൽ ശിവാജി ഗണേശൻ മുതൽ വിജയകാന്തും കമൽ ഹാസനും വരെ സ്വന്തം പാർട്ടികളുമായി രംഗത്തെത്തിയെങ്കിലും, എം.ജി.ആറിനെപ്പോലെ ഒരു 'ക്ലീൻ സ്വീപ്പ്' നടത്താനോ മുഖ്യമന്ത്രി കസേരയിലെത്താനോ ആർക്കും സാധിച്ചില്ല. ഈ കാത്തിരിപ്പിനാണ് വിജയ് ഇപ്പോൾ അന്ത്യം കുറിക്കാൻ ഒരുങ്ങുന്നത്. തമിഴ്‌നാട് രാഷ്ട്രീയത്തിലെ വൻമരങ്ങളായ ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ എന്നീ പാർട്ടികളെ അമ്പരപ്പിച്ചുകൊണ്ടാണ് വിജയ്‌യുടെ തമിഴക വെട്രി കഴകം മുന്നേറ്റം നടത്തിയത്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണ്ടയിടത്ത് വിജയ് ഒറ്റക്ക് ഭരണത്തിലെത്തുമോ അതോ മറ്റ് കക്ഷികളുടെ പിന്തുണ തേടുമോ എന്നതാണ് ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

