തമിഴ്നാട്ടിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധന; 30,000 കടന്നു
text_fieldsചെന്നൈ: തമിഴ്നാട്ടിൽ 1,458 പേർക്ക് കൂടി ശനിയാഴ്ച പുതുതായി രോഗം സ്ഥിരീകരിക്കുകയും 19 മരണം റിപ്പോർട്ട് ചെയ്യുകയും െചയ്തു. ഇതുവരെ 30,152 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 251 പേർ മരിക്കുകയും ചെയ്തു.
തുടർച്ചയായ ഏഴാം ദിവസമാണ് ആയിരത്തിൽ അധികം പേർക്ക് തമിഴ്നാട്ടിൽ കോവിഡ് സ്ഥിരീകരിക്കുന്നത്. പുതുതായി രോഗം സ്ഥിരീകരിച്ച 1,458 പേരിൽ 35 പേർ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവരാണ്. 10 പേർ സ്വകാര്യ ആശുപത്രികളിലും ഒമ്പതുപേർ സർക്കാർ ആശുപത്രികളിലുമാണ് കഴിഞ്ഞദിവസം മരിച്ചത്. മരിച്ചവരിൽ 10 പേർ 60 വയസിന് മുകളിലുള്ളവരാണ്.
ശനിയാഴ്ച 633 പേർ കൂടി രോഗമുക്തി നേടിയതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 16,395 ആയി. 13,503 പേരാണ് ചികിത്സയിലുള്ളത്.
ചെന്നൈയിൽ ശനിയാഴ്ച 1,146 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ ഇതുവരെ 20,993 പേർക്ക് രോഗം സ്ഥിരീകരിച്ചു.
