'ആരും കൊതിക്കുന്ന' വിവാഹസമ്മാനമാണിത്; വിവാഹ ചടങ്ങ് പ്രതിഷേധ വേദിയാക്കി ദമ്പതികളും സുഹൃത്തുക്കളും
text_fieldsവിവാഹചടങ്ങിനെ ഇന്ധന വില വർധനക്കെതിരായ പ്രതിഷേധത്തിന്റെ വേദിയാക്കി ദമ്പതികളും സുഹൃത്തുക്കളും. ഇന്ധന വില ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കാനാണ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിന്റെ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
തമിഴ്നാട്ടിലെ ചെങ്ങൽപ്പട്ട് ജില്ലയിലെ ചെയ്യൂർ വില്ലേജിലാണ് സംഭവം. കുമാറിന്റെയും കീർത്തനയുടെയും വിവാഹ വേദിയാണ് സുഹൃത്തുക്കൾ ചേർന്ന് വേറിട്ട പ്രതിഷേധ വേദിയാക്കിയത്.
നവവരനും നവവധുവിനും സുഹൃത്തുക്കൾ ഒാരോ ബോട്ടിലുകളിൽ പെട്രോളും ഡീസലും സമ്മാനമായി നൽകിയാണ് പ്രതിഷേധിച്ചത്. ഇതിന്റെ വിഡിയോ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.
ഇന്ധന വില കുത്തനെ വർധിക്കുന്ന സാഹചര്യത്തിൽ ജീവതച്ചെലവും ക്രമാതീതമായി വർധിക്കുകയാണെന്നും കുടുംബങ്ങൾ ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ പ്രയാസപ്പെടുകയാണെന്നും ഇതിനെതിരായ പ്രതിഷേധമായാണ് വിവാഹ സമ്മാനമായി പെട്രോളും ഡീസലും നൽകിയതെന്നും ദമ്പതികളുടെ സുഹൃത്തുക്കൾ പറഞ്ഞു.