കഫിയയണിഞ്ഞ് സി.പി.എം വേദിയിൽ സ്റ്റാലിൻ; ഫലസ്തീൻ വിഷയത്തിൽ ഇന്ത്യ ഇസ്രായേലിനുമേൽ സമ്മർദം ചെലുത്തണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി
text_fieldsചെന്നൈ: ഫലസ്തീൻ വിഷയത്തിൽ ഇന്ത്യ ഇസ്രായേലിനുമേൽ സമ്മർദം ചെലുത്തണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സി.പി.എം തമിഴ്നാട് സംഘടിപ്പിച്ച ഗസ്സ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഇസ്രായേലിനുമേൽ സമ്മർദം ചെലുത്തണം എന്നാൽ മാത്രമേ ഗസ്സയിലെ വംശഹത്യ അവസാനിക്കുവെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാവരുടേയും ഹൃദയങ്ങളെ ഉലക്കുന്ന ആക്രമണങ്ങളാണ് ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത്. മാനുഷിക മൂല്യങ്ങളിൽ വിശ്വസിക്കുന്ന ജനങ്ങളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് സി.പി.എം നടത്തുന്നത്. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുള്ള ആക്രമണങ്ങൾ ഇസ്രായേൽ എത്രയുംപെട്ടെന്ന് നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിന്റെ രണ്ടാം വാർഷികത്തിൽ ചെന്നൈയിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ച് സിപിഎം. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അടക്കമുള്ള പ്രമുഖർ പങ്കെടുത്തു. വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് മുതിർന്ന നേതാക്കളായ കെ.വീരമണി, വൈക്കോ, തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ കെ.സെൽവാപെരുന്തഗൈ, വിസികെ അധ്യക്ഷൻ തോൽ തിരുമാവളവൻ, ടിഎംഎംകെ നേതാവ് പ്രൊഫ. ജവഹറുല്ല തുടങ്ങിയവർ പങ്കെടുത്തു.
ഗസ്സയോട് ഐക്യദാഢ്യം പ്രഖ്യാപിച്ച് സ്റ്റാലിൻ നേരത്തെയും നിലപാട് വ്യക്തമാക്കിയിരുന്നു. ഗസ്സയിലെ യുദ്ധ ഭൂമിയിൽ നിന്നുള്ള ഓരോ ദൃശ്യങ്ങളും ഹൃദയം തകർക്കുന്നതാണ്. കുഞ്ഞുങ്ങളുടെ കരച്ചിൽ, വിശക്കുന്ന കുട്ടികൾ, ആശുപത്രികൾ ബോംബിട്ട് തകർക്കുന്നത് എല്ലാം ഒരിക്കലും ഭൂമിയിൽ ഒരു മനുഷ്യനും അനുഭവിക്കാൻ പാടില്ലാത്തതാണെന്നും സ്റ്റാലിൻ എക്‌സിൽ കുറിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

