തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും; അധിക ഫണ്ടും വികസന പദ്ധതികളും ചർച്ച ചെയ്യും
text_fieldsതമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്, പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യ ഔദ്യോഗിക ഡൽഹി സന്ദർശനത്തിൽ സി. ജോസഫ് വിജയ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിക്ക് പുറമെ വിവിധ കേന്ദ്രമന്ത്രിമാരുമായും അദ്ദേഹം ചർച്ചകൾ നടത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്.
തമിഴ്നാടിനായി കൂടുതൽ കേന്ദ്ര ഫണ്ടുകൾ അനുവദിക്കണമെന്നും സംസ്ഥാനത്തെ പ്രധാന വികസന പദ്ധതികൾക്ക് കേന്ദ്രാനുമതി നൽകണമെന്നും വിജയ് പ്രധാനമന്ത്രിയോട് ആവശ്യപ്പെടാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ നേരത്തെ തന്നെ ഡൽഹിയിലെത്തി ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
എം. കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെയെ അട്ടിമറിച്ച്, തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ ശേഷമാണ് മേയ് 10ന് വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റത്. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടി.വി.കെ) തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നു. കോൺഗ്രസ്, വിടുതലൈ ചിരുതൈഗൽ കക്ഷി (വി.സി.കെ), സി.പി.ഐ, സി.പി.എം, ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ് (ഐ.യു.എം.എൽ) എന്നീ കക്ഷികളുമായി സഖ്യം ചേർന്നാണ് വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ തമിഴ്നാട്ടിൽ ഭരണത്തിലേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

