ഗസ്സ വെടിനിർത്തൽ: തമിഴ്നാട് നിയമസഭയിൽ പ്രമേയം പാസാക്കുമെന്ന് എം.കെ. സ്റ്റാലിൻ
text_fieldsഎം.കെ. സ്റ്റാലിൻ
ചെന്നൈ: ഗസ്സയിലെ ജനങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ അപലപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഗസ്സയിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ പരിശ്രമിക്കണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭയിൽ പ്രമേയം പാസാക്കുമെന്നും എം.കെ. സ്റ്റാലിൻ വ്യക്തമാക്കി. ഗസ്സയിൽ ഇസ്രായേൽ തുടരുന്ന നരഹത്യ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം തമിഴ്നാട് ഘടകം സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്റ്റാലിൻ.
തമിഴ് ജനതയുടെ വികാരം ഉൾക്കൊള്ളുന്നതായിരിക്കും പ്രമേയം. രാഷ്ട്രീയം നോക്കാതെ എല്ലാ പാർട്ടികളും പ്രമേയത്തിന് പിന്തുണ നൽകണം. ഗസ്സയിൽ ഇസ്രായേൽ സേന തുടരുന്ന ആക്രമണം ലോകത്തെ ഞെട്ടിപ്പിക്കുന്നതും രാജ്യാന്തര മനുഷ്യാവകാശങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ നയങ്ങളുടെയും ലംഘനവുമാണ്. ഇസ്രായേലിന്‍റെ നരഹത്യക്കെതിരെ എല്ലാവരും അപലപിക്കണം.
50,000 പേർ കൊല്ലപ്പെട്ടതിൽ 11,000 വനിതകളും 17,000 കുട്ടികളും 175 മാധ്യമപ്രവർത്തകരും 125 പേർ യു.എൻ ജീവനക്കാരുമാണ്. 26,000 കുട്ടികൾക്ക് അവരുടെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. ഒരു ലക്ഷത്തിലധികം പേർക്ക് പരിക്കേറ്റു. ഗസ്സയുടെ ഭൂരിപക്ഷം പ്രദേശങ്ങളും തകർക്കപ്പെട്ടു. ഇസ്രായേൽ അധിനിവേശത്തിനെതിരായ ഫലസ്തീൻ ജനതയുടെ പ്രതിരോധം തുടരുകയാണെന്നും എം.കെ. സ്റ്റാലിൻ വ്യക്തമാക്കി.
ഭക്ഷണത്തിന് കാത്തിരുന്ന 45 പേരെ ഇസ്രായേൽ സേന കൊലപ്പെടുത്തി. ലോകമെമ്പാടുമുള്ള ജനങ്ങളെ വല്ലാതെ വിഷമിപ്പിച്ച ഒരു നടപടിയായിരുന്നു അത്. 47 രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷണവസ്തുക്കളുമായി വന്ന വളന്‍റീയർമാരെ അറസ്റ്റ് ചെയ്തു. രാജ്യാന്തര നിയമങ്ങൾ ലംഘിക്കുന്ന ഇസ്രായേലിനെതിരെ അപലപിക്കാതെ നിശബ്ദ കാഴ്ചക്കാരായി ഇരിക്കാൻ നമുക്ക് സാധിക്കുമോ എന്നും എം.കെ. സ്റ്റാലിൻ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

