ജെ.സി.ഡി പ്രഭാകർ തമിഴ്നാട് സ്പീക്കർ, തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ
text_fieldsചെന്നൈ: തമിഴ്നാട് നിയമസഭാ സ്പീക്കറായി ടി.വി.കെയിലെ ജെ.സി.ഡി പ്രഭാകർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. യുവത്വവും താരപരിവേഷവും മുഖമുദ്രയായ ടി.വി.കെ സർക്കാറിൽ സഭാനടപടികളിലെ പരിചയസമ്പത്തും പക്വതയും മുൻനിർത്തിയാണ് വിജയ് ഈ നിർണായക നീക്കം നടത്തിയത്.
തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതുചരിത്രം കുറിച്ചാണ് വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടി.വി.കെ) അധികാരത്തിലെത്തിയത്. പതിറ്റാണ്ടുകളായി തമിഴ്‌നാട് രാഷ്ട്രീയത്തിൽ പരിചിതമായ മുഖമാണ് ജെ.സി.ഡി. പ്രഭാകർ. സർക്കാറുകളുടെ ഉയർച്ചയും താഴ്ചയും, അധികാര കേന്ദ്രങ്ങളുടെ മാറ്റവും കണ്ട നേതാവാണ് ഇദ്ദേഹം. തമിഴ്നാട് രാഷ്ട്രീയത്തിലെ പഴയ തലമുറയെയും പുതിയ കാലത്തെയും ബന്ധിപ്പിക്കുന്ന കണ്ണി കൂടിയാണ് പ്രഭാകർ. എം.ജി.ആറിന്റെ കാലഘട്ടത്തിൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം 1980ലാണ് വില്ലിവാക്കത്ത് നിന്ന് ആദ്യമായി എ.ഐ.എ.ഡി.എം.കെ എം.എൽ.എയായി നിയമസഭയിലെത്തുന്നത്. പിന്നീട് ജയലളിതയുടെ കാലത്തും പാർട്ടിയുടെ സംഘടനാ സംവിധാനങ്ങളിൽ സജീവമായിരുന്നു.
വിവാദങ്ങൾക്കോ വലിയ വാർത്തകൾക്കോ പിന്നാലെ പോകാതെ പാർട്ടി ഭരണഘടനയിലും നിയമസഭാ ചട്ടങ്ങളിലും അഗാധമായ അറിവുള്ള നേതാവ് എന്ന നിലയിലാണ് രാഷ്ട്രീയ വൃത്തങ്ങൾ അദ്ദേഹത്തെ കാണുന്നത്. 2026 ജനുവരിയിലാണ് അദ്ദേഹം എ.ഐ.എ.ഡി.എം.കെ വിട്ട് വിജയ്‌യുടെ ടി.വി.കെയിൽ ചേർന്നത്. ഭരണപരിചയമില്ലാത്ത ഒരു പുതിയ പാർട്ടി അധികാരത്തിലെത്തുമ്പോൾ സഭക്കുള്ളിൽ പ്രതിപക്ഷത്തിന്റെ ആക്രമണങ്ങളെ നേരിടാൻ പരിചയസമ്പന്നനായ ഒരാൾ ആവശ്യമാണെന്ന വിജയ്‌യുടെ തിരിച്ചറിവാണ് ഈ നീക്കത്തിന് പിന്നിൽ.
ആദ്യമായി ഭരണത്തിലേറുന്ന ടി.വി.കെക്ക് നിയമസഭാ ചട്ടങ്ങളും കീഴ്വഴക്കങ്ങളും കൃത്യമായി അറിയുന്ന പ്രഭാകറിന്റെ സാന്നിധ്യം വലിയ കരുത്താകും. ചെന്നൈയിലെ നിർണായക മണ്ഡലമായ തൗസൻഡ് ലൈറ്റ്‌സിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിജയം പാർട്ടിയുടെ അടിത്തറ ഭദ്രമാണെന്ന സന്ദേശം നൽകിയിരുന്നു. വ്യത്യസ്ത രാഷ്ട്രീയ കക്ഷികളുമായി നല്ല ബന്ധം പുലർത്തുന്ന പ്രഭാകർ സഭയിലെ ബഹളങ്ങൾക്കിടയിൽ ഒരു മധ്യസ്ഥനായി പ്രവർത്തിക്കാൻ യോഗ്യനാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
തമിഴ്‌നാട് നിയമസഭയിലെ സ്പീക്കർ പദവി എന്നത് കേവലം അലങ്കാരമല്ല. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾ, വാക്ക്ഔട്ടുകൾ, ചർച്ചകൾ എന്നിവ നിയന്ത്രിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും ഉൾപ്പെടുന്ന ശക്തമായ പ്രതിപക്ഷ നിരയെ നേരിടാൻ പ്രഭാകറിന്റെ സംയമനവും നിയമവിജ്ഞാനവും പരീക്ഷിക്കപ്പെടും. തമിഴ് രാഷ്ട്രീയത്തിലെ ദ്രാവിഡ പാരമ്പര്യത്തെയും വിജയ് വിഭാവനം ചെയ്യുന്ന പുതിയ രാഷ്ട്രീയ ശൈലിയെയും കൂട്ടിയിണക്കുന്ന 'പാലം' എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ജെ.സി.ഡി പ്രഭാകറിന്റെ നിയമനത്തെ വിശേഷിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

