തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്; കൊളത്തൂരിൽ നാലാമൂഴത്തിന് സ്റ്റാലിൻ
text_fieldsതമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ വോട്ട് തേടുന്നു
ചെന്നൈ: ഡി.എം.കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ തന്റെ സ്വന്തം മണ്ഡലമായ കൊളത്തൂരിൽ ജനവിധി തേടുന്നത് ഇത് തുടർച്ചയായി നാലാംതവണ. 2011, 2016, 2021 വർഷങ്ങളിൽ വിജയിച്ച് ഹാട്രിക് വിജയം നേടി. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 70,384 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 49 വർഷക്കാലം പിതാവ് കരുണാനിധി നയിച്ചിരുന്ന ഡി.എം.കെ അധ്യക്ഷസ്ഥാനം അദ്ദേഹത്തിന്റെ വിയോഗശേഷം സ്റ്റാലിൻ ഏറ്റെടുക്കുകയായിരുന്നു. കരുണാനിധിയും ജയലളിതയും അരങ്ങൊഴിഞ്ഞ സംസ്ഥാന രാഷ്ട്രീയത്തിൽ ദ്രാവിഡ കക്ഷികളുടെ പ്രസക്തി നിലനിർത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്തമായിരുന്നു സ്റ്റാലിൻ ഏറ്റെടുത്തത്. 1953 മാർച്ച് ഒന്നിന് കരുണാനിധിയുടെയും ദയാളുഅമ്മാളുടെയും മകനായി ജനിച്ചു. അക്കാലത്താണ് റഷ്യൻ ഭരണാധികാരി ജോസഫ് സ്റ്റാലിന്റെ മരണം. കമ്യൂണിസം ഇഷ്ടപ്പെട്ടിരുന്ന കരുണാനിധി അങ്ങനെ മകന് സ്റ്റാലിൻ എന്നു പേരിട്ടു. മദ്രാസ് സർവകലാശാലയിൽനിന്ന് ചരിത്രത്തിൽ ബിരുദം നേടി.
സംഗതി ‘മക്കൾ രാഷ്ട്രീയ’മാണെങ്കിലും താഴെനിന്ന് പടിപടിയായാണ് സ്റ്റാലിൻ ഒാരോ പദവിയിലുമെത്തിയത്. 1967ൽ പതിനാലാം വയസ്സിൽ പാർട്ടി പ്രചാരണത്തിനിറങ്ങിയാണ് സ്റ്റാലിന്റെ രാഷ്ട്രീയ പ്രവേശം. ’73ൽ ഡി.എം.കെ ജനറൽ കൗൺസിൽ അംഗം, പിന്നീട് നഗരസഭ വാർഡ് പ്രതിനിധിയായി. പതിയെ വളർന്ന് പാർട്ടി ട്രഷറർ, വർക്കിങ് പ്രസിഡൻറ് സ്ഥാനങ്ങൾ. അടിയന്തരാവസ്ഥയിൽ ജയിൽവാസം. 1989 മുതൽ ആയിരം വിളക്ക് മണ്ഡലത്തിൽനിന്ന് നാലുതവണയും കൊളത്തൂരിൽനിന്ന് മൂന്നുതവണയും നിയമസഭയിലെത്തി. ’96ൽ നേരിട്ട് വോട്ടർമാരാൽ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ചെന്നൈ കോർപറേഷൻ മേയറായി സ്റ്റാലിൻ. നഗരത്തിൽ ഇന്നു കാണുന്ന ഒട്ടുമിക്ക മേൽപാലങ്ങളും സ്റ്റാലിൻ മേയറായിരിക്കെ പണിതതാണ്. 53ാം വയസ്സിൽ ആദ്യമായി മന്ത്രി. മന്ത്രിസഭയുടെ അവസാനകാലം ഉപമുഖ്യമന്ത്രിയുമായി. 2013ൽ സ്റ്റാലിനെ തന്റെ പിൻഗാമിയായി കരുണാനിധി പ്രഖ്യാപിച്ചു. 2016ൽ പ്രതിപക്ഷ നേതാവും. 2021ൽ മുഖ്യമന്ത്രിയുമായി. 2,07,251 വോട്ടർമാരുള്ള കൊളത്തൂരിൽ അണ്ണാ ഡി.എം.കെയിലെ സന്താനകൃഷ്ണൻ, ടി.വി.കെയുടെ വി.എസ്. ബാബു, നാം തമിഴർ കക്ഷിയുടെ അഡ്വ. സൗന്ദര്യപാണ്ഡ്യൻ തുടങ്ങിയവരാണ് സ്റ്റാലിന്റെ എതിരാളികൾ. വണ്ണിയർ, നായിഡു, നാടാർ സമുദായക്കാരാണ് കൂടുതലും. ന്യൂനപക്ഷ വോട്ടുകളും നിർണായകമാണ്. മെച്ചപ്പെട്ട അടിസ്ഥാന വികസന സൗകര്യങ്ങളാണ് മണ്ഡലത്തിൽ നടപ്പാക്കിയത്. സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്ന ഏതൊരു ക്ഷേമ പദ്ധതിയും ആദ്യം നടപ്പാക്കുക കൊളത്തൂരിലായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

