സുപ്രധാന നീക്കവുമായി സ്റ്റാലിൻ; സ്വയംഭരണാവകാശം ശക്തമാക്കാൻ തമിഴ്നാട്ടിൽ ഉന്നതതല സമിതി
text_fieldsഎം.കെ സ്റ്റാലിൻ
ചെന്നൈ: കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ അവലോകനം നടത്തി തമിഴ്നാടിന്റെ സ്വയംഭരണവും ഫെഡറലിസവും ശക്തിപ്പെടുത്താനുള്ള നടപടികൾ ശിപാർശ ചെയ്യാൻ സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫിന്റെ നേതൃത്വത്തിൽ മൂന്നംഗ ഉന്നതതല സമിതി രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ചട്ടം 110 പ്രകാരം നിയമസഭയിലായിരുന്നു സ്റ്റാലിന്റെ പ്രഖ്യാപനം.
സമിതി 2026 ജനുവരിയോടെ ഇടക്കാല റിപ്പോർട്ടും രണ്ട് വർഷത്തിനുള്ളിൽ അന്തിമ റിപ്പോർട്ടും സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനും ഇന്ത്യൻ മാരിടൈം യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായ കെ. അശോക് വർധൻ ഷെട്ടി, സംസ്ഥാന ആസൂത്രണ കമീഷൻ മുൻ വൈസ് ചെയർമാൻ എം. നാഗനാഥൻ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
കേന്ദ്രവും സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ഭരണഘടനാ വ്യവസ്ഥകൾ, നിയമങ്ങൾ, നയങ്ങൾ എന്നിവ അവലോകനം ചെയ്യുക, സംസ്ഥാന പട്ടികയിൽനിന്ന് കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റിയ വിഷയങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി ശിപാർശ ചെയ്യുക, രാജ്യത്തിന്റെ ഐക്യത്തിലും അഖണ്ഡതയിലും വിട്ടുവീഴ്ച ചെയ്യാതെ സംസ്ഥാനത്തിന് പരമാവധി സ്വയംഭരണം ഉറപ്പാക്കുന്നതിനുള്ള പരിഷ്കാരങ്ങൾ നിർദേശിക്കുക തുടങ്ങിയവയാണ് ഉന്നതതല സമിതി പരിഗണിക്കുക.
സ്വാതന്ത്ര്യം നേടി 75 വർഷം പിന്നിടുമ്പോഴും വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന, വിവിധ വംശീയ വിഭാഗങ്ങളിൽപെട്ട വൈവിധ്യമാർന്ന സംസ്കാരങ്ങൾ പിന്തുടരുന്ന രാജ്യത്ത് ഭരണഘടനയാണ് ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതെന്ന് സ്റ്റാലിൻ പറഞ്ഞു. ഡോ. ബി.ആർ. അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ നിർമാതാക്കൾ ഏകീകൃത രാഷ്ട്രമായിട്ടല്ല, മറിച്ച് ഫെഡറലിസത്തിന്റെ തത്ത്വങ്ങൾ പിന്തുടർന്ന് സംസ്ഥാനങ്ങളുടെ ഒരു യൂനിയൻ എന്ന നിലയിലാണ് രാഷ്ട്രീയ, ഭരണ ചട്ടക്കൂടിനെ രൂപപ്പെടുത്തിയത്. എന്നാൽ, കേന്ദ്ര സർക്കാറിൽനിന്ന് അടിസ്ഥാന അവകാശങ്ങൾക്കായിപോലും പോരാടാൻ സംസ്ഥാന സർക്കാറുകൾ നിർബന്ധിതരാവുകയാണ്. വികസിത രാഷ്ട്രമാകാൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ സ്വയംഭരണാവകാശം നൽകണം.
കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ പരിശോധിക്കാൻ 1969 ൽ ജസ്റ്റിസ് പി.വി. രാജമന്നാറിന്റെ അധ്യക്ഷതയിൽ അന്നത്തെ മുഖ്യമന്ത്രി എം. കരുണാനിധി ഉന്നതതല സമിതി രൂപവത്കരിച്ചത് സ്റ്റാലിൻ ഓർമിപ്പിച്ചു. 1971ൽ രാജമന്നാർ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. 1974 ഏപ്രിൽ 16ന് തമിഴ്നാട് നിയമസഭ ഈ റിപ്പോർട്ടിലെ പ്രധാന ശിപാർശകൾ അംഗീകരിച്ച് പ്രമേയം പാസാക്കി. ആരോഗ്യം, നിയമം, ധനകാര്യം തുടങ്ങിയ സംസ്ഥാന പട്ടികയിലെ ചില പ്രധാന വിഷയങ്ങൾ കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതായും സ്റ്റാലിൻ ആരോപിച്ചു.
അതേസമയം, മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് എ.ഐ.എ.ഡി.എം.കെ, ബി.ജെ.പി അംഗങ്ങൾ നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി. സ്വയംഭരണാവകാശത്തിനുള്ള മുറവിളിയിലൂടെയും ഉന്നതാധികാര സമിതിയുടെ നിയമനത്തിലൂടെയും ഡി.എം.കെ വിഘടനവാദ നയമാണ് പിന്തുടരുന്നതെന്ന് ബി.ജെ.പി തമിഴ്നാട് അധ്യക്ഷനും പാർട്ടി നിയമസഭ കക്ഷി നേതാവുമായ നൈനാർ നാഗേന്ദ്രൻ ആരോപിച്ചു.
‘നീറ്റ് അടിച്ചേൽപിച്ചു’
െചന്നൈ: ഏകീകൃത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരിൽ മെഡിക്കൽ പ്രവേശനത്തിന് ഒറ്റ പ്രവേശന പരീക്ഷയായ ‘നീറ്റ്’ കേന്ദ്രം അടിച്ചേൽപിച്ചുവെന്ന് സ്റ്റാലിൻ പറഞ്ഞു. തമിഴ്നാടിനെ ‘നീറ്റി’ൽനിന്ന് ഒഴിവാക്കുന്നതിനുള്ള ബിൽ നിയമസഭ പാസാക്കിയിരുന്നു. ദേശീയ വിദ്യാഭ്യാസനയത്തിന് കീഴിൽ ത്രിഭാഷാ നയം നടപ്പാക്കുന്നതിന്റെ മറവിൽ ഹിന്ദി അടിച്ചേൽപിക്കാനും കേന്ദ്രം ശ്രമിക്കുന്നു. ഇതിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച തമിഴ്നാടിന് 2,500 കോടിയുടെ ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചു. ജി.എസ്.ടി, ലോക്സഭ മണ്ഡല പുനർനിർണയം തുടങ്ങിയ വിഷയങ്ങളിലും സംസ്ഥാനങ്ങൾക്കെതിരായ നിലപാടാണ് മോദി സർക്കാർ സ്വീകരിക്കുന്നത്. ഇതേതുടർന്നാണ് കേന്ദ്ര -സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കുന്നതിന് ഉന്നതാധികാര സമിതിയെ നിയോഗിക്കുന്നതെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.