40,000 തമിഴ് ബ്രാഹ്മണ യുവാക്കള്‍ക്ക് ജീവിത പങ്കാളികളെ കിട്ടാനില്ല; വധുവിനെ തേടി ഉത്തരേന്ത്യയിലേക്ക്
text_fieldsചെന്നൈ: തമിഴ് ബ്രാഹ്മണ യുവാക്കള്‍ക്ക് വധുവിനെ തേടി സമുദായ സംഘടന ഉത്തരേന്ത്യയിൽ അന്വേഷണം വ്യാപിപ്പിക്കുന്നു. തമിഴ്‌നാട്ടില്‍ വിവാഹപ്രായമായിട്ടും അനുയോജ്യരായ ജീവിത പങ്കാളികളെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന 40,000ഓളം ബ്രാഹ്മണ യുവാക്കളുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് തമിഴ്‌നാട് ബ്രാഹ്മണ അസോസിയേഷന്‍ (ടി.ബി.എ) ഈ പ്രത്യേക ദൗത്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഉത്തർപ്രദേശ്, ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങളിലേക്കാണ് ഇവർ അന്വേഷണം വ്യാപിപ്പിക്കുന്നത്.
30നും 40നും ഇടയില്‍ പ്രായമുള്ള അവിവാഹിതരായ ബ്രാഹ്മണ യുവാക്കളുടെ എണ്ണം കൂടി വരുന്നതായാണ് ടി.ബി.എയുടെ മുഖമാസികയുടെ നവംബർ ലക്കത്തിൽ പറയുന്നത്. ഇേപ്പാൾ ഇവരുടെ എണ്ണം 40,000ഒാളം വരും. ഇവർക്ക് ജീവിത പങ്കാളികളെ കണ്ടെത്തുന്നതിന് ഉത്തരേന്ത്യയിൽ അന്വേഷണം നടത്തും. ഇതിനായി ഡല്‍ഹി, ലഖ്‌നോ, പട്‌ന എന്നിവിടങ്ങളില്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയോഗിക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് എന്‍. നാരായണേന്റതായി പ്രസിദ്ധീകരിച്ചിരിക്കുന്ന തുറന്ന കത്തിൽ പറയുന്നു.
വിവാഹപ്രായമുള്ള 10 ബ്രാഹ്മണ യുവാക്കളുണ്ടെങ്കില്‍ യുവതികളുടെ എണ്ണം ആറ് മാത്രമാണെന്നും ഇതാണ് പ്രതിസന്ധിക്ക് കാരണമെന്നും എൻ. നാരായണൻ പറഞ്ഞതായി 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്യുന്നു. ഇത് പരിഹരിക്കാനാണ് ഉത്തരേന്ത്യയിലേക്ക് ബന്ധം തേടിപ്പോകുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡൽഹി, ലഖ്‌നോ, പട്‌ന എന്നിവിടങ്ങളിലുള്ള ആളുകളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഈ സ്ഥലങ്ങളിൽ കോ-ഓര്‍ഡിനേറ്റര്‍മാരെ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഹിന്ദി വായിക്കാനും എഴുതാനും സംസാരിക്കാനും അറിയാവുന്നവരെ അസോസിയേഷന്‍റെ ചെന്നൈയിലെ ആസ്ഥാനത്ത് നിയമിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും നാരായണൻ ചൂണ്ടിക്കാട്ടി.
തമിഴ്‌നാട്ടിലെ ജനസംഖ്യയുടെ മൂന്ന് ശതമാനമാണ് ബ്രാഹ്മണര്‍. അയ്യര്‍, അയ്യങ്കാര്‍ എന്നീ രണ്ട് വിഭാഗങ്ങളാണ് ഇവരിലുള്ളത്. മുമ്പ് ഈ വിഭാഗങ്ങളില്‍പ്പെട്ടവര്‍ തമ്മില്‍ വിവാഹം കഴിക്കാറില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് മാറിയിട്ടുണ്ട്. 'തെലുങ്ക്, കന്നഡ ബ്രാഹ്മണര്‍ വിഭാഗങ്ങളുമായും പാലക്കാടുള്ള ബ്രാഹ്മണര്‍ വിഭാഗത്തില്‍പ്പെട്ടവരെയും തമിഴ് ബ്രാഹ്മണര്‍ ഇപ്പോൾ വിവാഹം കഴിക്കാറുണ്ട്. കന്നഡ സംസാരിക്കുന്ന മാധ്വ ബ്രാഹ്മണരുമായും (ശ്രീ മാധവാചാര്യയുടെ അനുയായികളായ വൈഷ്ണവർ) തമിഴ് സംസാരിക്കുന്ന സ്മാർത്ത വിഭാഗക്കാരുമായും (ശ്രീ ആദിശങ്കരയുടെ അനുയായികളായ അയ്യർ എന്നറിയപ്പെടുന്ന വിഭാഗം) ഇപ്പോൾ വിവാഹം നടക്കുന്നുണ്ട്. ഒരു ദശകം മുമ്പ് ഇത് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല'- വധുവിനെ തിരയുന്ന ബ്രാഹ്മണ യുവാവായ എ. അജയ് പറയുന്നു.
മൂന്നുദിവസം നീളുന്ന വിവാഹച്ചടങ്ങുകള്‍ വലിയ ചെലവിന് കാരണമാകുന്നതിനാല്‍ ആഘോഷങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യവും തമിഴ് ബ്രാഹ്മണര്‍ക്കിടയില്‍ ശക്തമാണ്. 'എന്തുെകാണ്ടാണ് വരന്‍റെ മാതാപിതാക്കൾ വലിയ കല്യാണ മണ്ഡപങ്ങളിൽ വിവാഹം നടത്തണമെന്ന് വാശി പിടിക്കുന്നത്? ലളിതമായി വിവാഹം നടത്തുന്നതിന് എന്താണ് അവർക്ക് തടസ്സമായി നിൽക്കുന്നത്? വധുവിന്‍റെ വീട്ടുകാർക്കാണ് വിവാഹ ചെലവിന്‍റെ ബാധ്യതയെന്നതും വലിയ വെല്ലുവിളിയാണ്'- വിദ്യാഭ്യാസ വിദഗ്ധൻ എം. പരമേശ്വരൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

