റയാൻ സ്കൂൾ കൊലപാതകം: തൽവാറിന്‍റെ അഭിഭാഷകൻ പ്രതിക്ക് വേണ്ടി ഹാജരാകും
text_fieldsന്യൂഡൽഹി: റയാൻ സ്കൂൾ കൊലപാതകത്തിലെ പ്രതിയെന്ന് സംശയിക്കുന്ന വിദ്യാർഥിക്ക് വേണ്ടി ആരുഷിക്കേസിലെ തൽവാറിന്‍റെ അഭിഭാഷകൻ ഹാജരാകും. റയാൻ സ്കൂളിലെ വിദ്യാർഥിയായ എട്ടുവയസുകാരനെ അതേ സ്കൂളിലെ പ്ളസ് വൺ വിദ്യാർഥിയാണ് കൊലപ്പെടുത്തിയത് എന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ.
പ്രതിയെന്ന് സംശയിക്കപ്പെടുന്ന കുട്ടി ഇപ്പോൾ ജുവനൈൽ ഹോമിലാണ്. ആരുഷികൊലക്കേസിൽ പ്രതികളെന്ന് സി.ബി.ഐ കണ്ടെത്തിയ രാജേഷ് തൽവാറിനും നൂപുർ തൽവാറിനും വേണ്ടി ഹാജരായ അഭിഭാഷകനാണ് തൻവീർ അഹമ്മദ് മിർ. സി.ബി.ഐയുടെ വാദം തള്ളിക്കൊണ്ട് ആരുഷിയുടെ മാതാപിതാക്കളായ തൽവാർ ദമ്പതികളെ ഡൽഹി ഹൈകോടതി വെറുതെ വിട്ടിരുന്നു.
ജുവനൈൽ ഹോമിലുള്ള കുട്ടിക്കുവേണ്ടി ഹാജരാകാനായി പിതാവ് തന്നെ സമീപിച്ചിരുന്നു. താൻ വിദ്യാർഥിക്ക് വേണ്ടി ഹാജരാകും- തൻവീർ അഹമ്മദ് പറഞ്ഞു.
ആരുഷി വധക്കേസും റയാൻ സ്കൂൾ കൊലക്കേസും തമ്മിൽ ഒട്ടേറെ സാദൃശ്യങ്ങളുണ്ട്. പ്രദ്യുമ്നൻ താക്കൂറിനെ കൊലപ്പെടുത്തിയതിന് റയാൻ സ്കൂളിലെ ബസ് ഡ്രൈവറെയാണ് ആദ്യം ഗുഡ്ഗാവ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ പ്രദ്യുമ്നന്‍റെ കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു. സി.ബി.ഐയാണ് പ്ളസ് വൺ വിദ്യാർഥിയെ അറസ്റ്റ് ചെയ്തത്. ആരുഷിവധക്കേസിലും ഉത്തർപ്രദേശ് പൊലീസ് ആദ്യം സംശയിച്ചത് വീട്ടുവേലക്കാരെയായിരുന്നു.
ആദ്യം സാക്ഷിയായി പരിഗണിച്ചിരുന്ന തന്‍റെ മകനെ പിന്നീട് പ്രതിയാക്കുകയായിരുന്നു സി.ബി.ഐ എന്നാണ് പ്രതിയെന്ന് സംശയിക്കുന്ന വിദ്യാർഥിയുടെ പിതാവിന്‍റെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
