''നിയമമന്ത്രി നിയമത്തിന് വിരുദ്ധമായി സംസാരിക്കുന്നു''-കിരൺ റിജിജുവിനെതിരെ ജയറാം രമേശ്
text_fieldsന്യൂഡൽഹി: കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജുവിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്. നിയമ മന്ത്രി നിയമവിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നീതിന്യായ വ്യവസ്ഥയെ പ്രതിപക്ഷ പാർട്ടികളെ പോലെ സർക്കാരിനെതിരെ തിരിക്കാൻ ശ്രമിക്കുന്ന ചില ജഡ്ജിമാരുണ്ടെന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. "ഒരു നിയമ മന്ത്രി അനീതി പ്രചരിപ്പിക്കുന്നു. ഇത്തരം പ്രസ്താവനകൾ സ്വാതന്ത്ര്യത്തിന് ഭീഷണിയല്ലെങ്കിൽ പിന്നെന്താണിത്‍?"- ജയറാം രമേശ് ട്വീറ്റ് ചെയ്തു.
നീതിന്യായ വ്യവസ്ഥ പ്രതിപക്ഷത്തിന്‍റെ ചുമതല നിർവഹിക്കണമെന്നാണ് ചിലർ ആഗ്രഹിക്കുന്നതെന്ന് കിരൺ റിജിജു നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യൻ ജുഡീഷ്യറിയെ കേന്ദ്ര സർക്കാർ ആക്രമിക്കുകയാണോ എന്ന വിഷയത്തിൽ 'ഇന്ത്യ ടുഡേ' നടത്തിയ സംവാദത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. "പ്രതിപക്ഷത്തിന്‍റെ റോൾ നിർവഹിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളെ ഇന്ത്യൻ ജുഡീഷ്യറി തന്നെ എതിർക്കും. അങ്ങനെയൊന്ന് ഒരിക്കലും സംഭവിക്കാൻ പാടില്ല"- കിരൺ റിജിജു പറഞ്ഞു.