ന്യൂഡൽഹി: ഇസ്ലാമിക നിയമപ്രകാരം വിവാഹബന്ധം വേർപെടുത്താനുള്ള 'ത്വലാഖെ ഹസൻ' ചോദ്യം ചെയ്തുള്ള ഹരജി സുപ്രീംകോടതിയിൽ. മാധ്യമപ്രവർത്തക ബേനസീർ ഹീനയാണ് മുസ്ലിം പുരുഷൻ ഭാര്യയെ ഇടവേളയിലായി മൂന്ന് തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപെടുത്തുന്ന 'ത്വലാഖെ ഹസന്‍' ചോദ്യം ചെയ്ത് പൊതുതാൽപര്യ ഹരജി നൽകിയത്.
ഹരജിക്കാരിക്ക് വിവാഹം വേർപെടുത്തിയതായി കാണിച്ച് ഭർത്താവിൽനിന്ന് രണ്ടാമത്തെ നോട്ടീസ് ലഭിച്ചതായും കേസ് ഉടൻ പരിഗണിക്കണമെന്നും അവർക്കുവേണ്ടി ഹാജരായ അഭിഭാഷക ആവശ്യപ്പെട്ടു. മൂന്നു ത്വലാഖുകളും ഒരുമിച്ച് ചൊല്ലുന്നതാണ് സൈറബാനു കേസിൽ കോടതി പരിഗണിച്ചത്.
ഇടവേളകളിലായി മൂന്നു ത്വലാഖ് ചെല്ലുന്നതാണ് തങ്ങൾ ഇപ്പോൾ ചോദ്യംചെയ്യുന്നതെന്ന് ഹരജിക്കാരിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു. എന്നാൽ, ഹരജി അടിയന്തര പ്രാധാന്യമുള്ളതല്ലെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അവധിക്കാല ബെഞ്ച് വേനൽ അവധിക്കുശേഷം പരിഗണിക്കാമെന്ന് അറിയിച്ചു.