പഹൽഗാം ഭീകരാക്രമണത്തിന് ഇനിയും പ്രതികാരം ചെയ്യണം; ഓപറേഷൻ സിന്ദൂർ തുടരണമെന്ന് ഉവൈസി
text_fieldsന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി. സുരക്ഷാവീഴ്ചയാണ് ജമ്മുകശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണമുണ്ടാവാൻ കാരണമെന്നും ഉവൈസി പറഞ്ഞു. മോദി സർക്കാറിന്റെ സുരക്ഷാവീഴ്ചയുടെ ഉത്തമ ഉദാഹരണമാണ് പഹൽഗാമെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാനയിൽ ബോധനിൽ നടന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ഉവൈസിയുടെ പരാമർശം. വഖഫ് നിയമഭേദഗതിക്കെതിരെ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹം പഹൽഗാം ഭീകരാക്രമണത്തെ സംബന്ധിച്ച് പ്രതികരണം നടത്തിയത്. പഹൽഗാമിൽ നടന്നതിന് പ്രതികാരം ചെയ്യണം. ഓപ്പറേഷൻ സിന്ദൂർ തുടരണം. 26 പേരെ പഹൽഗാമിൽ വധിച്ചവർ കൊല്ലപ്പെടുന്നത് വരെ ഇന്ത്യയുടെ പ്രതികാരം പൂർത്തിയാവില്ലെന്നും ഉവൈസി പറഞ്ഞു.
നേരത്തെ ആൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം)ന്റെ അംഗീകാരം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ്മാല ബാഗ്ചി എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് ആണ് ഹർജി തള്ളിയത്. ആൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീന്‍റെ അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുപതി നരസിംഹ മുരാരിയെന്ന വ്യക്തിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
പാർട്ടിയുടെ ഭരണഘടന മതേതര കാഴ്ചപ്പാടുകൾക്ക് എതിരാണെന്നും, മുസ്ലിം മത വിഭാഗത്തിന്റെ ഉന്നമനം മാത്രമാണ് ലക്ഷ്യമിടുന്നതെന്നുമാണ് ഹർജിയിൽ ആരോപിച്ചിരുന്നത്. അതിനാൽ ജനപ്രാതിനിധ്യ നിയമത്തിലെ 29 എ വകുപ്പ് പ്രകാരം പാർട്ടിക്ക് അംഗീകാരം നൽകാൻ കഴിയില്ലെന്നാണ് ഹർജിക്കാരുടെ വാദം. ഇത് തള്ളിയാണ് കോടതിയുടെ വിധി പുറത്ത് വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

