ഇൻഡോറിലെ മലിനജലം ദുരന്തം: ആറു മാസം പ്രായമുള്ള കുഞ്ഞും മരിച്ചു
text_fieldsന്യൂഡൽഹി: മലിനജല പ്രതിസന്ധി തുടരുന്ന മധ്യപ്രദേശിലെ ഇൻഡോറിൽ പുതുവത്സര ദിനത്തിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതായി പുതിയ റിപ്പോർട്ട്. ഇതോടെ ജലമലിനീകരണത്തെ തുടർന്ന് ഭഗീരത്പുരയിൽ മരിച്ചവരുടെ എണ്ണം ഏഴായി. 150ഓളം പേർ ഇപ്പോഴും ചികിത്സയിലാണ്. മരണസംഖ്യ ഔദ്യോഗിക സംഖ്യയെക്കാൾ കൂടുതലാണെന്ന് പ്രദേശവാസികൾ ആരോപിച്ചു.
ബുധനാഴ്ച്ച വെള്ളം കലർത്തിയ പാൽ കുടിച്ചതിനെ തുടർന്ന് തന്റെ ആറുമാസം പ്രായമുള്ള മകന് ഛർദ്ദിയും വയറിളക്കവും ഉണ്ടായതായി മരണപ്പെട്ട കുട്ടിയുടെ പിതാവ് അറിയിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് വ്യാഴാഴ്ച്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. മറാത്തി മൊഹല്ലയിലാണ് സംഭവം. വൃത്തിഹീനവും ദുർഗന്ധം വമിക്കുന്നതുമായ കുടിവെള്ള വിതരണത്തെക്കുറിച്ച് താമസക്കാർ പരാതിപ്പെടാൻ തുടങ്ങിയിട്ട് ദിവസങ്ങളേറെയായി.
പത്തു വർഷത്തെ ചികിത്സക്ക് ശേഷമാണ് കുഞ്ഞ് ജനിച്ചതെന്ന് കുടുംബം പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങൾ കാരണം ഭാര്യ ഗർഭകാലത്ത് കിടപ്പിലായിരുന്നുവെന്നും ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് കുഞ്ഞിന് വെള്ളം കലർത്തിയ പാക്കറ്റ് പാൽ കൊടുക്കേണ്ടിവന്നതെന്നും പിതാവ് അറിയിച്ചു. മലിനമായ വെള്ളം ശരീരത്തിലെത്തിയതാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം ആരോപിച്ചു. പത്തു വയസ്സുള്ള മകൾക്കും ഇടക്കിടെ വയറുവേദനയെ ഉണ്ടാവാറുണ്ടെന്ന് കുടുംബം പരാതിപ്പെട്ടു.
‘എനിക്ക് എന്റെ കുട്ടിയെ നഷ്ടപ്പെട്ടു. ഈ വൃത്തികെട്ട വെള്ളം കാരണം ഇനിയും എത്ര കുട്ടികൾ ബുദ്ധിമുട്ടുമെന്ന് എനിക്കറിയില്ല’ കണ്ണീരോടെ മരണപ്പെട്ട കുഞ്ഞിന്‍റെ അമ്മ പറഞ്ഞു.
അതേസമയം, മലിനജലം കുടിച്ചതിനെ തുടർന്ന് 149 പേർക്ക് അസുഖം ബാധിച്ചതായി മധ്യപ്രദേശ് ആരോഗ്യ വകുപ്പ് അറിയിച്ചു. എന്നിരുന്നാലും, ഭഗീരത്പുരയിൽ 1100ലധികം ആളുകളെ പ്രതിസന്ധി ബാധിച്ചതായി പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു. ചോർച്ച കാരണം ഡ്രെയിനേജ് വെള്ളം കുടിവെള്ള പൈപ്പ് ലൈനിലേക്ക് കലർന്നതാണ് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇൻഡോർ നർമ്മദ നദിയിൽ നിന്നുള്ള പൈപ്പ്‌ലൈനുകൾ വഴിയാണ് വെള്ളം എടുക്കുന്നത്.
മലിനജല ചോർച്ച ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്നുവെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. സംഭവത്തിൽ മുനിസിപ്പാലിറ്റിയിലെ സോണൽ ഓഫിസറെയും ഭഗീരത്പുരയിലെ അസിസ്റ്റന്റ് എൻജിനീയറെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കൈലാഷ് വിജയവർഗിയ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

