റാണ ഇതുവരെ ആവശ്യപ്പെട്ടത് പേനയും പേപ്പറും ഖുർആനും മാത്രം; ദിവസവും പത്ത് മണിക്കൂർ ചോദ്യം ചെയ്ത് എൻ.ഐ.എ
text_fieldsന്യൂഡൽഹി: 26/11 ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരനായ തഹാവൂർ റാണയെ ദിവസവും പത്ത് മണിക്കൂർ ചോദ്യം ചെയ്ത് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). 166 പേർ കൊല്ലപ്പെടുകയും 230 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത മുംബൈ ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താനാണ് എൻ.ഐ.എ ലക്ഷ്യമിടുന്നത്.
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്നതിന് ശേഷം ഡല്‍ഹി കോടതിയുടെ ഉത്തരവ് പ്രകാരം, റാണയുടെ വൈദ്യപരിശോധന ഉറപ്പാക്കാനും അഭിഭാഷകനെ കാണാന്‍ അനുവദിക്കാനും ശ്രമിക്കുന്നുണ്ടെന്ന് എന്‍.ഐ.എ. വൃത്തങ്ങള്‍ പറഞ്ഞു.
ചീഫ് ഇൻവെസ്റ്റിഗേറ്റിങ് ഓഫീസർ ജയ റോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റാണയെ ചേദ്യം ചെയ്യുന്നത്. അന്വേഷകരുമായി അദ്ദേഹം പൂർണമായും സഹകരിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പേർട്ടുകൾ. പേന, പേപ്പർ അല്ലെങ്കിൽ ഒരു നോട്ട്പാഡ്, ഖുർആൻ എന്നിവയാണ് റാണ ഇതുവരെ ആവശ്യപ്പെട്ടത് എന്നും പ്രോട്ടോക്കോൾ അനുസരിച്ച് സാധാരണ ഭക്ഷണമാണ് നൽകുന്നതെന്നും എൻ.ഐ.എ വൃത്തങ്ങൾ അറിയിച്ചു.
ഭീകരവിരുദ്ധ ഏജൻസിയുടെ സി.ജി.ഒ കോംപ്ലക്സ് ഓഫീസിലെ അതീവ സുരക്ഷാ സെല്ലിലാണ് റാണയെ പാർപ്പിച്ചിരിക്കുന്നത്.
ഡൽഹി കോടതി എൻ.ഐ.എക്ക് 18 ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചിരിക്കുന്നത്. തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതുൾപ്പെടെ നിരവധി കുറ്റങ്ങളാണ് റാണയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ശേഖരിച്ച വിവിധ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പാകിസ്താന്‍ വംശജനും കനേഡിയന്‍ പൗരനുമായ റാണയെ ചോദ്യം ചെയ്യുന്നത്. മറ്റൊരു സൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുമായി നിരന്തരം ഇയാള്‍ ബന്ധപ്പെട്ടതായുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ ഏജന്‍സി പറയുന്നു. 2008 ആക്രമണത്തിന് മുന്നോടിയായി ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ ഇയാള്‍ യാത്ര നടത്തിയതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
2008ലെ ആക്രമണത്തിന് മുമ്പ് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള രഹസ്യാന്വേഷണ സന്ദർശനങ്ങളെക്കുറിച്ചും ലഷ്‌കർ-ഇ-തൊയ്ബ ഭീകര സംഘടന പ്രവർത്തകരുമായുള്ള ആശയവിനിമയത്തെക്കുറിച്ചും റാണക്ക് നിർണായക വിവരങ്ങൾ നൽകാൻ കഴിയുമെന്ന് എൻ.ഐ.എ വിശ്വസിക്കുന്നു. കേസിന് അന്താരാഷ്ട്ര മാനങ്ങളുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഇന്ത്യക്ക് കൈമാറരുതെന്ന റാണയുടെ ഹരജി യു.എസ് സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് റാണയെ ഇന്ത്യക്ക് കൈമാറിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.