‘അർജന്റീനയെന്നാൽ മെസ്സിയും മറഡോണയും മാത്രമല്ല’; മോദിയുടെ സന്ദർശനവേളയിൽ ടാഗോറിന്റെയും ഇന്ദിരയുടെയും അർജന്റീന ബന്ധങ്ങൾ ഓർത്തെടുത്ത് ജയറാം രമേശ്
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്യൂണസ് അയേഴ്‌സിലേക്കുള്ള യാത്രാവേളയിൽ ഇന്ത്യ-അർജന്റീന ബന്ധത്തിന്റെ ആഴമേറിയ ഓർമകൾ തിരികെ കൊണ്ടുവന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. 1924ലെ രബീന്ദ്രനാഥ ടാഗോറിന്റെ സന്ദർശനം മുതൽ 1968ലെ സാഹിത്യ ഐക്കൺ വിക്ടോറിയ ഒകാമ്പോയുമായുള്ള ഇന്ദിരാഗാന്ധിയുടെ കൂടിക്കാഴ്ച വരെ പഴക്കമുള്ളതാണത്. മറഡോണ, മെസ്സി എന്നീ അർജന്റീനിയൻ പേരുകൾക്കും വളരെ അപ്പുറമാണ് ആ രാജ്യവുമായുള്ള ഇന്ത്യയുടെ ബന്ധമെന്നും ജയറാം രമേശ് പറഞ്ഞു.
‘ഇന്ത്യക്കാർക്ക് അർജന്റീന എന്നാൽ, ഉടനടി ഡീഗോ അർമാണ്ടോ മറഡോണയെയും ലയണൽ മെസ്സിയുമൊക്കെയാണ്. എന്നാൽ അതിനപ്പുറം ആഴത്തിലുള്ള മൂന്ന് ബന്ധങ്ങളുണ്ട്. പതിറ്റാണ്ടുകളായി ഇന്ത്യയെയും അർജന്റീനയെയും ബന്ധിപ്പിച്ച മൂന്ന് പ്രധാന ചരിത്ര ബന്ധങ്ങൾ സാഹിത്യം, ദാർശനികം, സാമ്പത്തികം എന്നിവയാണെന്നും’ മോദിയുടെ നടന്നുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര പര്യടനത്തെ പരാമർശിച്ചുകൊണ്ട് രമേശ് ‘എക്‌സി’ൽ എഴുതി.
1924ൽ രവീന്ദ്രനാഥ ടാഗോറിന്റെ അർജന്റീന സന്ദർശനത്തെ അദ്ദേഹം അനുസ്മരിച്ചു. അന്നവിടെ പ്രമുഖ സാഹിത്യകാരി വിക്ടോറിയ ഒകാമ്പോ ആതിഥേയത്വം വഹിച്ചു. ടാഗോറിന്റെ കൃതികൾ അതിനോടകം തന്നെ വളരെ പ്രസിദ്ധമായിരുന്നു. അദ്ദേഹവും ഒകാമ്പോയും തമ്മിൽ ഒരു ഊഷ്മളമായ സൗഹൃദം വളർന്നു. ടാഗോറിന്റെ ജീവചരിത്രകാരന്മാർ ഇതിനെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. കേതകി കുഷാരി ഡൈസൺ ഒരു മുഴുവൻ പുസ്തകവും അതിനായി നീക്കിവച്ചിട്ടുണ്ടെന്നും രമേശ് ചൂണ്ടിക്കാട്ടി. കൃത്യം ഒരു നൂറ്റാണ്ട് മുമ്പ് പ്രസിദ്ധീകരിച്ച ടാഗോറിന്റെ 52 കവിതാസമാഹാരമായ ‘പുരാബി’ ഒകാമ്പോക്ക് സമർപ്പിച്ചു.
പതിറ്റാണ്ടുകൾക്ക് ശേഷം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1968 ൽ ബ്യൂണസ് അയേഴ്‌സ് സന്ദർശിച്ച് ഒകാമ്പോയെ കണ്ടപ്പോഴും സാംസ്കാരിക കൈമാറ്റം തുടർന്നു. ഇന്ദിരാഗാന്ധി ഒകാമ്പോയുമായി കൂടിക്കാഴ്ച നടത്തുകയും ടാഗോറിന്റെ വിശ്വഭാരതി സർവകലാശാലയുടെ ഓണററി ഡോക്ടർ ഓഫ് ലിറ്ററേച്ചർ ബിരുദം സമ്മാനിക്കുകയും ചെയ്തു.
തുടർന്നുള്ള ഒരു പോസ്റ്റിൽ ജയറാം രമേശ് രണ്ട് ചിത്രങ്ങളും പങ്കിട്ടു. ഒന്ന് ബ്യൂണസ് അയേഴ്സിലെത്തിയപ്പോൾ ഉള്ള ഇന്ദിരാഗാന്ധിയുടെ ചിത്രവും, മറ്റൊന്ന് യു.എൻ.സി.ടിഎഡി ഭരണകാലത്ത് യുവാവായ ഡോ. മൻമോഹൻ സിങ്ങിന്റെ തന്റെ പെൺമക്കളോടൊപ്പമുള്ള ചിത്രവും. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോടുള്ള ബഹുമാനാർത്ഥം അർജന്റീന ഈ ചിത്രം പിന്നീട് സ്റ്റാമ്പായി പുറത്തിറക്കി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രശസ്ത അർജന്റീനിയൻ എഴുത്തുകാരനായ ജോർജ് ലൂയിസ് ബോർജസിൽ ബുദ്ധമതത്തിന്റെ സ്വാധീനത്തെക്കുറിച്ചും രമേശ് പരാമർശിച്ചു. അദ്ദേഹം ഏഴു വയസ്സുള്ളപ്പോൾ സർ എഡ്വിൻ ആർനോൾഡിന്റെ ‘ദി ലൈറ്റ് ഓഫ് ഏഷ്യ’ വായിച്ചിരുന്നു.
ബുദ്ധന്റെ ജീവിതം കൂടുതൽ വായിക്കാനും പര്യവേക്ഷണം ചെയ്യാനും അത് അദ്ദേഹത്തെ പ്രേരിപ്പിച്ചു. ബോർജസിന്റെ ചെറുകഥകൾ, ഉപന്യാസങ്ങൾ, കവിതകൾ, പ്രഭാഷണങ്ങൾ എന്നിവയിൽ ബുദ്ധന്റെ സ്വാധീനം പ്രതിഫലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 1986ൽ ബോർജസ് മരിക്കുന്നതിനു പത്തു വർഷം മുമ്പ്, ബുദ്ധനോടുള്ള ഒരു ജീവിതകാല ആകർഷണത്തെ പ്രതിഫലിപ്പിക്കുന്ന ‘Que es el budismo’ (എന്താണ് ബുദ്ധമതം?) എന്ന പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി. 1977 ജൂലൈ 6ന് ബ്യൂണസ് ഐയേഴ്സിൽ ബോർജസ് നടത്തിയ ബുദ്ധമതത്തെക്കുറിച്ചുള്ള പ്രസിദ്ധമായ പ്രഭാഷണത്തെയും രമേശ് പരാമർശിച്ചു.
1950കളിലും 60കളിലും ആഗോള സാമ്പത്തിക സ്ഥാപനങ്ങളെ രൂപപ്പെടുത്തുന്നതിൽ പ്രധാന വ്യക്തിയായ അർജന്റീനിയൻ സാമ്പത്തിക ശാസ്ത്രജ്ഞൻ റൗൾ പ്രെബിഷിലേക്കും കോൺഗ്രസ് എം.പി ശ്രദ്ധ കേന്ദ്രീകരിച്ചു. ‘മിസ്റ്റർ മോദിയും വിദേശകാര്യ മന്ത്രിയും ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്ന മറ്റൊരു പദമാണ് ഗ്ലോബൽ സൗത്ത്. ഈ പദവും യു.എൻ.സി.ടി.എ.ഡി ( വ്യാപാര വികസനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭാ സമ്മേളനം) പ്രചരിപ്പിച്ചതാണ്. 1960ൽ ഒരു ബ്രിട്ടീഷ് ബാങ്കർ ഒലിവർ ഫ്രാങ്ക്സ് ആണ് ഇത് ആദ്യമായി ഉപയോഗിച്ചതെന്നും രമേശ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

