You are here
തബ്രീസ് അൻസാരി കൊലപാതകം: പൊലീസ് വാദം എതിർത്ത് സാക്ഷി മൊഴികളും കേസ് ഡയറിയും
ചികിത്സ വൈകിയത് മരണ കാരണമായെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ
ന്യൂഡൽഹി: ജയ് ശ്രീരാം വിളിക്കാനാവശ്യപ്പെട്ട് ഝർഖണ്ഡിൽ തബ്രീസ് അൻസാരിയെ (24) ആൾക്കൂട്ടം കെട്ടിയിട്ട് തല്ലിക്കൊന്ന കേസിൽ പൊലീസ് വാദങ്ങളെ ഖണ്ഡിച്ച് സാക്ഷി മൊഴിയും കേസ് ഡയറിയും. ‘മരിക്കുന്നത് വരെ അടിക്ക്’ എന്ന് അക്രമികളിലൊരാൾ ആക്രോശിക്കുന്നത് സംഭവസ്ഥലത്തേക്ക് എത്തിയ തബ്രീസിന്റെ അമ്മാവൻ മസ്റൂർ ആലം കേട്ടതായി കേസ് ഡയറിയിലുണ്ട്. കേസിലെ 24 സാക്ഷികളിലൊരാളാണ് ഇദ്ദേഹം. പോസ്റ്റു മോർട്ടം ചെയ്ത ഡോക്ടർമാരുടെ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ടും തലക്കേറ്റ പരിക്ക് കാരണമാണ് മരണം എന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു.
എന്നാൽ, ഗൂഢാലോചന നടത്തി നടപ്പാക്കിയ കൃത്യമല്ലാത്തതിനാലാണ് പ്രതികൾക്കെതിരെ കൊലപാതക കുറ്റം ഒഴിവാക്കിയതെന്നാണ് ഝർഖണ്ഡ് പൊലീസ് പറയുന്നത്. തലക്കേറ്റ പരിക്കല്ല, ഹൃദയാഘാതമാണ് മരണ കാരണം എന്ന പൊലീസ് അനുമാനത്തിനെതിരെയാണ് കേസ് ഡയറി ചോദ്യമുയർത്തുന്നത്. 13 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. എന്നാൽ, ജൂലൈ 29ന് പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽനിന്ന് കൊലക്കുറ്റം ഒഴിവാക്കിയെന്ന് കഴിഞ്ഞ ദിവസമാണ് പുറത്തായത്.
അതേസമയം, യഥാസമയം ചികിത്സ ലഭിച്ചിരുന്നെങ്കിൽ തബ്രീസ് അൻസാരിയെ രക്ഷപ്പെടുത്താൻ സാധിക്കുമായിരുന്നെന്ന് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരിലൊരാളായ ബി. മർതി വെളിപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ തബ്രീസിനെ ജയിലിലേക്ക് മാറ്റുമ്പോൾ ജയിൽ ഡോക്ടർ ഇല്ലായിരുന്നെന്നും സദർ ആശുപത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ടന്റായ ഡോ. ബർദി പറഞ്ഞു.
ജൂൺ 18നാണ് ജയ് ശ്രീരാം, ജയ് ഹനുമാൻ വിളിക്കാനാവശ്യപ്പെട്ട് തബ്രീസ് അൻസാരിയെ ഏഴു മണിക്കൂറോളം കെട്ടിയിട്ട് മർദിച്ചത്. ബോധരഹിതനായതോടെ അക്രമികൾ തബ്രീസിനെ പൊലീസിന് കൈമാറി. ആരോഗ്യം വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജൂൺ 24ന് തബ്രീസ് മരിച്ചു. തല പൂർണമായും തകർന്ന നിലയിലായിരുന്നു അൻസാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു.