തബ്ലീഗ് ജമാഅത്തിന് അനുകൂലമായി ബോംബെ ഹൈകോടതിയുടെ ഒൗറംഗാബാദ് ബഞ്ച് നടത്തിയ വിധിപ്രസ്താവത്തിൽ വിയോജിപ്പുമായി സഹ ജഡ്ജി. രണ്ടംഗ ബഞ്ചാണ് തബ്ലീഗ് ജമാഅത്ത് വേട്ടയാടൻ കേസിൽ വിധി പറഞ്ഞത്. അതിൽ ജ. മുകുന്ദ് ജി സെവ്ലികറാണ് വിധിയുടെ ചില ഭാഗങ്ങളിൽ വിയോജിപ്പുെണ്ടന്ന് അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്.
തബ്ലീഗ് ജമാഅത്തിന് എതിരായ നടപടി 'ഇന്ത്യൻ മുസ്ലിംഗൾക്കുള്ള പരോക്ഷമായ മുന്നറിയിപ്പാണെന്ന' വിധിയില ഭാഗത്തോട് താൻ യോജിക്കുന്നിെല്ലന്നാണ് ജ. മുകുന്ദ് പറയുന്നത്. സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പ്രതികാരമാണ് നടപടിയെന്നും വിധിയിൽ സൂചന ഉണ്ടായിരുന്നു. 29 വിദേശികൾ സമർപ്പിച്ച മൂന്ന് ഹരജികളിലായിരുന്നു കോടതി പരാമർശങ്ങൾ. വിസ നിബന്ധനകളും പകർച്ചവ്യാധി നിയമ മാർഗ്ഗനിർദ്ദേശങ്ങളും ലംഘിച്ചുവെന്നാരോപിച്ചായിരുന്നു ഇവർക്കെതിരെ കേസെടുത്തത്.
ജസ്റ്റിസ് തനാജി വി നലാവഡെ, ജസ്റ്റിസ് മുകുന്ദ് ജി സേവ്ലികർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഓഗസ്റ്റ് 21 നാണ് വിധി പ്രസ്താവിച്ചത്. പ്രതികൾക്കെതിരായ കുറ്റങ്ങളൊന്നും പ്രോസിക്യൂഷന് തെളിയിക്കാൻ കഴിയാത്തതിനാൽ കുറ്റപത്രങ്ങൾ റദ്ദാക്കാൻ അർഹതയുണ്ടെന്ന് ജഡ്ജി മുകുന്ദ് ജി സേവ്ലികർ പറഞ്ഞു. എന്നാൽ മുതിർന്ന ജഡ്ജി തനാജി വി നലാവഡെ നടത്തിയ ചില പരാമർശങ്ങളോട് താൻ യോജിക്കുന്നില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.
ഇതുസംബന്ധിച്ച് തെൻറ കാഴ്ച്ചപ്പാടുകൾ വിശദീകരിച്ചുകൊണ്ടുള്ള പ്രത്യേക വിധിയും അദ്ദേഹം പുറത്തിറക്കി. സി എ എ പ്രതിഷേധവുമായി ബന്ധപ്പെടുത്തി പറഞ്ഞ ഭാഗമൊഴികെ ജസ്റ്റിസ് നലാവഡെ നടത്തിയ എല്ലാ നിരീക്ഷണങ്ങളോടും താൻ യോജിക്കുന്നതായും ജസ്റ്റിസ് സേവ്ലികർ പറഞ്ഞു. 58 പേജുള്ളതായിരുന്നു തബ്ലീഗ് വേട്ടയാടൽ കേസിലെ വിധിപകർപ്പ്. '2020 ജനുവരിയിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭങ്ങളുണ്ടായിരുന്നു. ഇതിൽ പങ്കെടുത്തതിലേറെയും മുസ്ലിംകളായിരുന്നു.
2019 പൗരത്വ ഭേദഗതി നിയമം തങ്ങള്ക്കെതിരാണെന്നാണ് അവരുടെ നിലപാട്. ദേശീയ പൗരത്വപ്പട്ടിക (എന്‍.ആര്.സി)ക്കും എതിരായിരുന്നു ഈ പ്രക്ഷോഭങ്ങള്‍. തബ്ലീഗിനെതിരായ നടപടികളിലൂടെ മുസ്ലിം മനസ്സുകളിൽ ഭീതി സൃഷ്ടിക്കപ്പെട്ടു. ഏതു തരത്തിലുള്ളതും എന്തിനെതിരെയുമുള്ളതുമായ നടപടികൾ മുസ്ലിംകൾക്കെതിരാക്കി മാറ്റാന്‍ കഴിയുമെന്ന നേർക്കുനേരെയല്ലാത്ത മുന്നറിയിപ്പാണ് ഇതുവഴി നല്‍കിയത്.
മറ്റുരാജ്യങ്ങളിലെ മുസ്ലിംകളുമായി ബന്ധപ്പെട്ടാൽവരെ ഇന്ത്യയിലെ മുസ്ലിംകള്ക്കെതിരെ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുകൂടിയാണത്. വിദേശത്തുനിന്നു വന്ന മറ്റു മതസ്ഥരായ വിദേശികള്‍ക്കെതിരെ ഇത്തരമൊരു നടപടി എടുത്തില്ല' എന്നും വിധിയിൽ പറഞ്ഞിരുന്നു.