ന്യൂഡൽഹി: കോവിഡ് മാനദണ്ഡം ലംഘിച്ച് നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പെങ്കടുത്തതിന് വിചാരണ നേരിടുന്ന 36 വിദേശികളെ കൂടി ഡൽഹി ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കുറ്റമുക്തരാക്കി. 14 രാജ്യങ്ങളിൽ നിന്നുള്ള തബ്ലീഗ് പ്രവർത്തകരാണിവർ.
955 വിദേശികൾക്കെതിരെയാണ് ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഇതിൽ ഭൂരിഭാഗം പേരും സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയിരുന്നു. 44 പേരാണ് വിവിധ കേസുകളിൽ ഇന്ത്യയിൽ വിചാരണ നേരിടുന്നത്. ഇതിൽ എട്ടുപേരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കണ്ട് കോടതി നേരത്തെ കുറ്റവിമുക്തരാക്കി.
ബാക്കിയുള്ളവരെയാണ് ചൊവ്വാഴ്ച വിദേശ നിയമത്തിലെ സെക്ഷൻ 14, ഐ.പി.സി സെക്ഷൻ 270, 271 കേസുകളിൽ കുറ്റക്കാരല്ലെന്ന് കണ്ടത്. അതേസമയം, പകർച്ചവ്യാധി നിയമം, ദുരന്ത നിവാരണ വിയമ പ്രകാരം ഇവർക്കെതിരെ കേസ് നിലവിലുണ്ട്. ഡൽഹി നിസാമുദ്ദീനിൽ 2020 മാർച്ചിൽ നടന്ന തബ്ലീഗ് സമ്മേളനം കോവിഡ് വ്യാപനത്തിന് കാരണമായി എന്നാണ് ആരോപണം.
കുറ്റാരോപിതരെ വെറുതെവിടുന്നതിൽ ഡൽഹി പൊലീസ് എതിർത്തിരുന്നു. നടപടിയെടുക്കാൻ മതിയായ പ്രാഥമിക തെളിവുകൾ ഉണ്ടെന്നാണ് പൊലീസ് വാദം. ടൂറിസ്റ്റ് വിസയിലാണ് ഇവർ ഇന്ത്യയിലെത്തിയത്. എന്നാൽ, വിസ ചട്ടങ്ങൾ ലംഘിച്ച് തബ്ലീഗ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നും പൊലീസ് ചൂണ്ടിക്കാട്ടി. എന്നാൽ, ഇവ സാധൂകരിക്കാൻ തക്ക തെളിവുകൾ പൊലീസ് സമർപ്പിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.