Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദ്വേഷപ്രസംഗത്തിന്...

വിദ്വേഷപ്രസംഗത്തിന് കുപ്രസിദ്ധനായ രാജസിങ്ങിനെതിരെ വീണ്ടും കേസ്

text_fields
bookmark_border
BJP MLA Raja Singhi
cancel

ഹൈദരാബാദ്: വിദ്വേഷപ്രസംഗത്തിന് കുപ്രസിദ്ധിയാർജിച്ച തെലങ്കാന എം.എൽ.എ ടി. രാജ സിങ്ങിനെതിരെ രാജസ്ഥാൻ പൊലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് കോട്ട കുൻഹാദി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തെലങ്കാന നിയമസഭയിൽ ബി.ജെ.പി വിപ് ആയിരുന്ന രാജാസിങ്ങിനെ നേരത്തെ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയതിന് പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.

രാജസ്ഥാനിലെ കോട്ട കുൻഹാദി പൊലീസ് സ്റ്റേഷൻ പരിധിയി​ൽ മഹാറാണാ പ്രതാപ് ജയന്തിയോട് അനുബന്ധിച്ച് നടന്ന ശൗര്യവാഹൻ റാലി, സ്വാഭിമാൻ സഭ സമ്മേളനത്തി​ലാണ് രാജാസിങ് വിഷലിപ്തമായ പരാമർശങ്ങൾ നടത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), സെക്ഷൻ 298 (മതവികാരം വ്രണപ്പെടുത്താൻ ബോധപൂർവമായ സംസാരം) എന്നീ കുറ്റങ്ങൾ ചുമത്തി.

കഴിഞ്ഞ മാസം ഹൈദരാബാദിൽ രാമനവമി റാലിക്കിടെ നടത്തിയ വിവാദ പരാമർശത്തിന്റെ പേരിലും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153-എ, 506 വകുപ്പുകൾ പ്രകാരമാണ് അഫ്‌സൽഗഞ്ച് പോലീസ് കേസെടുത്തത്.

മതവിദ്വേഷ പ്രസ്താവനകൾ പതിവാക്കിയ രാജാസിങ് നിരവധി അക്രമക്കേസുകളിലും പ്രതിയാണ്.

2019വരെ ഇയാള്‍ക്കെതിരേ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി 43 കേസുകളാണ് രജിസ്റ്റർ ചെയ്തത്. അഫ്‌സല്‍ഗഞ്ച് (7), ആബിഡ്‌സ് (1), ബീഗം ബസാര്‍ (2), ബൊലാറം (1), ചാര്‍മിനാര്‍ (1), ഡബീര്‍പുര (3), ഫലക്‌നുമ (1), ഹബീബ്‌നഗര്‍ (1), ഹുസൈനിയാല (1), കൊല്‍ക്കട്ട (1) , മംഗലാട്ട് (9), രാജ്‌പേട്ട് (1), റെയിന്‍ ബസാര്‍ (1), ഷാഹിനിയത്ഗഞ്ച് (9), യാദ്ഗിരി (1), സൈഫാബാദ് (1), സുല്‍ത്താന്‍ ബസാര്‍ (2) എന്നിങ്ങനെയാണ് കേസുകൾ. അതിന് ശേഷവും ഇയാൾക്കെതിരെ വിവിധ ​പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

2010ല്‍ അഫ്‌സല്‍ഗഞ്ച് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മുസ്ലിം പള്ളിക്ക് തീവച്ചാണ് ഇയാള്‍ കുപ്രസിദ്ധനായത്. അന്നുതന്നെ ഒരു പൊലീസ് വണ്ടിക്കും ഇയാള്‍ തീയിട്ടു. ഈ സംഭവത്തില്‍ ഇയാള്‍ക്കെതിരേ 3 കേസാണ് അഫ്‌സല്‍ഗഞ്ച് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി 147(കലാപമുണ്ടാക്കല്‍), ഐപിസി148(ആയുധം ഉപയോഗിച്ചുള്ള കലാപം), ഐപിസി 427(നാശനഷ്ടങ്ങളുണ്ടാക്കല്‍), ഐപിസി 454(വീട് ആക്രമണം), ഐപിസി 506(ഗൂഢാലോചന), ഐപിസി 436(വീടുകള്‍ തകര്‍ക്കുകയെന്ന ഉദ്ദേശ്യത്തോടെ സ്‌ഫോടകവസ്തു കൈവശംവയ്ക്കല്‍), ഐപിസി 120(ബി)(കുറ്റകരമായ ഗൂഢാലോചന) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

2010ല്‍ വിദ്വേഷപരാമര്‍ശം നടത്തിയെന്ന മജ് ലിസ് ബച്ചാവൊ തെഹ്രീക് നേതാവ് അംജദുല്ല ഖാന്റെ പരാതിയിലും കേസെടുത്തു. ശ്രീരാമ ജയന്തി ആഘോഷത്തിനിടയിലാണ് ഇയാള്‍ മുസ്ലിംകള്‍ക്കെതിരേ അപകീര്‍ത്തിപരാമര്‍ശം നടത്തിയത്. ഈ കേസില്‍ ഐപിസി 153 (എ) (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 143 (നിയമവിരുദ്ധമായി സംഘം ചേരല്‍), 147 (കലാപം), 109 (പ്രേരണ), 149 (ക്രമസമാധാനം തകര്‍ക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

2018 ആഗസ്റ്റ് 15ന് ഇയാള്‍ ത്രിവര്‍ണപതാക വീശി പോലിസ് അനുമതിയില്ലാതെ പ്രകടനം നടത്തിയിരുന്നു. ഈ സംഭവത്തില്‍ ഐപിസി 143 പ്രകാരം കേസെടുത്തു.

2018ല്‍ കന്നുകാലികളുമായി പോയിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി വാഹനഗതാഗതം തടസ്സപ്പെടുത്തിയതിനും കേസെടുത്തിരുന്നു. മംഗല്‍ഹട്ട് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍, 2012, 2014, 2015, 2016, 2018 വര്‍ഷങ്ങളില്‍ ഇയാള്‍ക്കെതിരേ നിരവധി കേസുകളെടുത്തിരുന്നു.

2014ല്‍ ഗണേശ ക്ഷേത്രത്തിന്റെ മതില്‍ അനധികൃതമായി നിര്‍മിച്ചെന്ന കുറ്റത്തിന് കേസെടുത്തു. 2015ല്‍ അനുമതിയില്ലാതെ ശ്രീരാമനവമി ശോഭായാത്ര നടത്തി. ഇതിനെതിരേയും കേസുണ്ട്. തന്നെ തടയാന്‍ ശ്രമിച്ചാല്‍ 'ഗുരുതരമായ പ്രത്യാഘാതങ്ങള്‍' നേരിടേണ്ടിവരുമെന്ന് ഇയാള്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

2018ല്‍, അനുമതിയില്ലാതെ രാമനവമി ഘോഷയാത്ര നടത്തിയതിനും മുസ് ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിനും ധൂല്‍പേട്ടിലെ ഹനുമാന്‍ ക്ഷേത്രത്തിന് ചുറ്റും അനധികൃതമായി മതില്‍ കെട്ടിയതിനും മംഗല്‍ഹട്ട് പൊലീസ് കേസെടുത്തിരുന്നു.

2010ല്‍ ഇയാളും അനുയായികളും ബീഗം ബസാര്‍ ഛത്രി പോലിസ് സബ് കണ്‍ട്രോള്‍ റൂമിന് കല്ലെറിഞ്ഞു. ഒരു പൊലീസ് ജീപ്പും പാന്‍ ഷോപ്പും തകര്‍ത്തു. ഈ സംഭവത്തില്‍ ഐപിസി 147 (കലാപം), 148 (മാരകായുധം ഉപയോഗിച്ച് കലാപം), 427 (നാശനഷ്ടം വരുത്തല്‍), 353 (സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ തടയുകയും ബലപ്രയോഗവും) എന്നിവ പ്രകാരം കേസെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hate speechT Raja Singh
News Summary - T Raja Singh booked for hate speech in Rajasthan’s Kota
Next Story