സിഡ്നി ബീച്ച് വെടിവെപ്പ്: പ്രതികളിലൊരാൾ ഇന്ത്യക്കാരൻ, 1998 ൽ തൊഴിൽ തേടി ആസ്‌ട്രേലിയയിലെത്തി
text_fieldsഹൈദരാബാദ്: ആസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ 15 പേരുടെ മരണത്തിനിടയാക്കിയ കൂട്ട വെടിവെപ്പിലെ പ്രതികളിലൊരാളായ സാജിദ് അക്രം ഹൈദരാബാദ് സ്വദേശിയാണെന്ന് തെലങ്കാന പൊലീസ്.
27 വർഷം മുമ്പ് അവിടേക്ക് കുടിയേറിയ ഇയാൾക്ക് ഹൈദരാബാദിലെ കുടുംബവുമായി നാമമാത്ര ബന്ധമേ ഉണ്ടായിരുന്നുള്ളൂവെന്ന് തെലങ്കാന ഡി.ജി.പി ഓഫിസ് അറിയിച്ചു. സാജിദ് അക്രത്തെയും മകൻ നവീദ് അക്രത്തെയും തീവ്രവാദത്തിലേക്ക് നയിച്ച ഘടകങ്ങൾക്ക് ഇന്ത്യയുമായോ തെലങ്കാനയിലെ ഏതെങ്കിലും പ്രാദേശിക സ്വാധീനവുമായോ ബന്ധമില്ല.
സാജിദ് അക്രം ഹൈദരാബാദിൽ ബി.കോം പൂർത്തിയാക്കി 1998 നവംബറിൽ തൊഴിൽ തേടി ആസ്‌ട്രേലിയയിലേക്ക് കുടിയേറിയതായി വാർത്താക്കുറിപ്പിൽ പറയുന്നു. 1998ല്‍ രാജ്യം വിടുന്നതിന് മുമ്പ് ഇന്ത്യയിലുണ്ടായിരുന്ന കാലയളവില്‍ സാജിദ് അക്രമിന് യാതൊരു ക്രിമിനല്‍ പശ്ചാത്തലവും ഇല്ലെന്നും തെലങ്കാന പൊലീസ് പറഞ്ഞു.27 വര്‍ഷത്തിനിടെ അയാൾ ഇന്ത്യ സന്ദര്‍ശിച്ചത് ആറ് തവണ മാത്രമാണെന്നും പൊലീസ് വ്യക്തമാക്കി.
സാജിദ് അക്രത്തെ സംഭവസ്ഥലത്തുവെച്ച് ഒരാൾ ധീരമായി കീഴ്പ്പെടുത്തി വധിച്ചിരുന്നു. മകൻ നവീദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
ഭീകരരെ ചെറുത്ത യുവാവിന് നന്ദി പറഞ്ഞ് ആസ്ട്രേലിയൻ പ്രധാനമന്ത്രി
ബോണ്ടി ബീച്ചിൽ ഞായറാഴ്ച രാത്രി 15 പേരുടെ ജീവൻ ഹനിച്ച ഭീകരാക്രമണത്തെ സ്വന്തം ജീവൻ പണയം വെച്ച് ചെറുക്കാൻ ശ്രമിച്ച് പരിക്കേറ്റ അഹ്മദ് അൽ അഹ്മദിനെ ആശുപത്രിയിൽ സന്ദർശിച്ച് നന്ദി അറിയിച്ച് ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്.
ഹനൂക്ക ആഘോഷം നടത്തിയ യഹൂദ വിശ്വാസികൾക്ക് നേരെ വെടിയുതിർത്ത അക്രമികളെ തടയുന്നതിനായി എടുത്തുചാടിയ അഹ്മദിനെ ആസ്‌ട്രേലിയയുടെ ഹീറോ എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ബോണ്ടി ബീച്ചിലെ അപകട വേളയിൽ ധൈര്യപൂർവം ഓടിച്ചെന്ന് ഒരു ഭീകരവാദിയെ നിരായുധനാക്കിയ അഹ്മദ് മറ്റുള്ളവരെ രക്ഷിക്കാൻ സ്വയം അപകടത്തിൽപ്പെടുകയായിരുന്നുവെന്ന് സന്ദർശന ശേഷം അദ്ദേഹം പറഞ്ഞു.
‘‘ഏറ്റവും മോശം സമയങ്ങളിൽ, ആസ്‌ട്രേലിയക്കാരുടെ ഏറ്റവും നല്ല മുഖം നാം കാണുന്നു. ഞായറാഴ്ച രാത്രി കണ്ടതും അതുതന്നെയാണ്. ഓരോ ആസ്‌ട്രേലിയക്കാർക്കാർക്കും വേണ്ടി ഞാൻ നിങ്ങൾക്ക് നന്ദി പറയുന്നു’’വെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകരവാദികൾ ആഗ്രഹിക്കുന്നത് രാജ്യത്തെ ഭിന്നിപ്പിക്കാനാണെന്നും അതിനു സമ്മതിക്കാതെ ഞങ്ങൾ പരസ്പരം ചേർത്തുപിടിക്കുമെന്നും പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

