ശ്യാമ പ്രസാദ് മുഖർജിയുടെ മരണം 'ഗൂഢാലോചന കൊലപാതകം': പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി
text_fieldsകൊൽക്കത്ത: ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാവായ ഡോ. ശ്യാമ പ്രസാദ് മുഖർജി ജമ്മു കശ്മീരിൽ തടവിലിരിക്കെ മരണപ്പെട്ട സംഭവം അതീവ ദുരൂഹമാണെന്നും തങ്ങൾ ഇതിനെ ഒരു "ഗൂഢാലോചന കൊലപാതകമായാണ്" കാണുന്നതെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. ശ്യാമ പ്രസാദ് മുഖർജിയുടെ ചരമവാർഷിക ദിനത്തിൽ സംഘടിപ്പിച്ച ഒരു രക്തദാന ക്യാമ്പിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
1953-ൽ ജമ്മു കശ്മീരിൽ പ്രവേശിക്കുന്നതിന് പ്രത്യേക പെർമിറ്റ് വേണമെന്ന നിബന്ധന ലംഘിച്ചതിനാണ് ശ്യാമ പ്രസാദ് മുഖർജിയെ ശ്രീനഗറിൽ വെച്ച് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് തടവിലിരിക്കെയാണ് അദ്ദേഹം മരണപ്പെടുന്നത്. "ഒരു രാജ്യത്ത് രണ്ട് ഭരണഘടനയും, രണ്ട് പ്രധാനമന്ത്രിമാരും, രണ്ട് ദേശീയ ചിഹ്നങ്ങളും ഒന്നിച്ച് അനുവദിക്കാനാകില്ല " എന്ന അദ്ദേഹത്തിന്റെ ശക്തമായ സിദ്ധാന്തവും ആഹ്വാനവുമാണ് അകാല മരണത്തിലേക്ക് നയിച്ചതെന്നും അധികാരി പറഞ്ഞു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് 2019 ഓഗസ്റ്റിൽ നരേന്ദ്ര മോദി സർക്കാർ റദ്ദാക്കിയ കാര്യവും ചടങ്ങിൽ അനുസ്മരിച്ചു.
1947 ഓഗസ്റ്റിൽ അവിഭക്ത ബംഗാളിന്റെ പടിഞ്ഞാറൻ ജില്ലകളെ ഇന്ത്യയുടെ ഭാഗമായി നിലനിർത്തുന്നതിന് നേതൃത്വം നൽകിയത് മുഖർജിയാണെന്നും സംസ്ഥാനത്തെ പുതിയ ബി.ജെ.പി സർക്കാർ അദ്ദേഹത്തിന്റെ ആദർശങ്ങൾ പിന്തുടരുമെന്നും പശ്ചിമ ബംഗാൾ രൂപീകരണത്തിന്റെ യഥാർത്ഥ ചരിത്രം സ്കൂൾ പാഠ്യപദ്ധതിയിലൂടെ വിദ്യാർത്ഥികളിലേക്ക് എത്തിക്കാൻ പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ശ്യാമ പ്രസാദ് മുഖർജിയുടെ 125-ാം ജന്മവാർഷിക ദിനമായ ജൂലൈ 6-ന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുന്നതിനുളള 'ഭൂമി പൂജൻ' നടത്തുമെന്നും അദ്ദേഹത്തോടുള്ള ആദരസൂചകമായി അന്നേ ദിവസം സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിക്കും. ഹൂഗ്ലി ജില്ലയിലെ ജീരൂട്ടിലുള്ള പിതൃഭവനത്തിൽ ഒരു സ്മാരകവും ലൈബ്രറിയും സ്ഥാപിക്കും. ഇതിനായുള്ള ആവശ്യമായ തുക സംസ്ഥാന ബജറ്റിൽ ധനമന്ത്രി വകയിരുത്തിയിട്ടുണ്ട്. അന്തരിച്ച ഒരു നേതാവിന്റെ ചരമവാർഷികത്തിൽ ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ വകുപ്പും കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനും സംയുക്തമായി 'ആത്മബലിദാൻ ദിവസ്' ആചരിക്കുന്നത് ആദ്യമായിട്ടാണെന്നും സുവേന്ദു പറഞ്ഞു.
34 വർഷത്തെ ഇടതുമുന്നണി ഭരണവും തുടർന്നുവന്ന അഴിമതി നിറഞ്ഞ ഭരണകൂടവും ശ്യാമ പ്രസാദ് മുഖർജി, ഭാരത് സേവാശ്രമം സംഘം സ്ഥാപകൻ സ്വാമി പ്രണബാനന്ദ എന്നിവരുടെ സംഭാവനകളെ ജനങ്ങളിൽ നിന്നും ബോധപൂർവം മറച്ചുവെച്ചുവെന്നും സുവേന്ദു അധികാരി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

