ഹിന്ദു വീടുകളിൽ വാളുകൾ നൽകി ഹിന്ദുത്വ സംഘടന
text_fieldsഗാസിയാബാദ്: ഹിന്ദു വീടുകളിൽ വാളുകളും മഴുവും അടക്കമുള്ള ആയുധങ്ങൾ വിതരണം ചെയ്ത് തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു രക്ഷാ ദൾ. തിങ്കളാഴ്ച ഗാസിയാബാദിലെ ഷാലിമാർ ഗാർഡനിലാണ് സംഭവം. നഗരത്തിൽ റോഡരികിൽ നൂറുകണക്കിന് ആയുധങ്ങൾ നിരത്തിവെച്ച് സ്റ്റാൾ തുറന്നായിരുന്നു ഉദ്ഘാടനം. വാളുകൾ, മഴു, കുന്തം എന്നിവയുൾപ്പെടെ നിരവധി മൂർച്ചയുള്ള ആയുധങ്ങൾ സ്റ്റാളിൽ സൂക്ഷിച്ചിരുന്നു. പിന്നീട് ജയ്ശ്രീറാം മുഴക്കി വീടുകളിൽ പോയി ഇവ വിതരണം ചെയ്തു.
ജിഹാദികളിൽ നിന്നുള്ള സംരക്ഷണത്തിന് ഇത് വീട്ടിൽ സൂക്ഷിക്കണമെന്ന് പറഞ്ഞാണ് വാളുകൾ കൈമാറിയത്. ‘ആരെങ്കിലും നിങ്ങളുടെ സഹോദരിയെയോ മകളെയോ ദുരുദ്ദേശ്യത്തോടെ നോക്കിയാൽ ഇത് ഉപയോഗിക്കണം. ബംഗ്ലാദേശിലേത് പോലെ ജിഹാദികൾ ഇവിടെയും കറങ്ങുന്നുണ്ട്. അവരിൽ നിന്നുള്ള സംരക്ഷണത്തിനായി എല്ലാ വീട്ടിലും അത്തരം ആയുധങ്ങൾ ഉണ്ടായിരിക്കണം’ എന്നും ഇവർ ആളുകളോട് പറഞ്ഞു. വിതരണം ചെയ്ത വാളുകൾ എങ്ങനെ ഉപയോഗിക്കണമെന്നും ഇവർ ആളുകളെ പഠിപ്പിച്ചു.
വിവരം ലഭിച്ചതിനെത്തുടർന്ന് മൂന്ന് സ്റ്റേഷനുകളിൽനിന്ന് പൊലീസ് സ്ഥലത്തെത്തി. ലിങ്ക് റോഡ്, ഷാലിമാർ ഗാർഡൻ, തില മോഡ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരും ഷാലിമാർ ഗാർഡൻ, സാഹിബാബാദ് എന്നിവിടങ്ങളിലെ എസിപിമാരുമാണ് എത്തിയത്. പൊലീസ് വാഹനങ്ങൾ കണ്ടതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. നിരവധി ഹിന്ദുത്വ പ്രവർത്തകർ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. രക്ഷപ്പെടാൻ ശ്രമിച്ച ചിലരെ പൊലീസ് പിടികൂടി. സംഭവസ്ഥലത്ത് നിന്ന് ധാരാളം വാളുകൾ കണ്ടെടുത്തു.
കണ്ടാലറിയാവുന്ന 30ഓളം പേരടക്കം 45 പേർക്കെതിരെ കേസെടുത്തു. ഇതിൽ 10 പേരെ അറസ്റ്റ് ചെയ്തു. സംഘടനയുടെ ദേശീയ പ്രസിഡന്റ് പിങ്കി ചൗധരിയുടെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. 250 വീടുകളിൽ വാളുകൾ നൽകിയതായി പിങ്കി ചൗധരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

