ഓർഡർ ചെയ്ത ഭക്ഷണം നൽകിയില്ല; സ്വിഗ്ഗി 5000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി
text_fieldsബംഗളൂരു: ഓർഡർ ചെയ്ത ഭക്ഷണം നൽകാത്തതിന് ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി 5000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി. ആപിലൂടെ ഓർഡർ ചെയ്ത ഐസ്ക്രീം ഡെലിവറി ചെയ്യാത്തതിനാണ് സ്വിഗ്ഗിക്കെതിരെ കോടതി നടപടിയെടുത്തത്. സേവനത്തിൽ സ്വിഗ്ഗിയുടെ ഭാഗത്ത് നിന്ന് പോരായ്മയുണ്ടായെന്ന് കോടതി നിരീക്ഷിച്ചു.
ബംഗളൂരുവിലെ ഉപഭോക്താവാണ് സ്വിഗ്ഗിയിൽ നിന്നും 187 രൂപക്ക് ഐസ്ക്രീം ഓർഡർ നൽകിയത്. സ്വിഗ്ഗി ഉപഭോക്താവിന് കൃത്യസമയത്ത് ഐസ്ക്രീം നൽകിയില്ല. എന്നാൽ, ആപിൽ ഐസ്ക്രീം ഡെലിവറി ചെയ്തുവെന്നാണ് കാണിച്ചിരുന്നത്. തുടർന്ന് ഉപഭോക്താവ് ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. ഐസ്ക്രീം വാങ്ങാൻ നൽകിയ 187 രൂപ റീഫണ്ടായി കൊടുക്കാനും കോടതിയുടെ ഉത്തരവുണ്ട്.
ജനുവരി 2023നാണ് ബംഗളൂരു സ്വദേശിയായ പെൺകുട്ടി സ്വിഗ്ഗിയിൽ ഐസ്ക്രീം ഓർഡർ ചെയ്തത്. ഡെലിവറി ഏജൻറ് കടയിൽ നിന്നും ഐസ്ക്രീം വാങ്ങുകയും ചെയ്തുവെന്ന് സ്വിഗ്ഗി ആപിൽ കാണിച്ചു. എന്നാൽ, ഉപഭോക്താവിന് ഐസ്ക്രീം ലഭിച്ചില്ല. മാത്രമല്ല ആപിൽ ഉൽപന്നം വിതരണം ചെയ്തുവെന്നാണ് കാണിച്ചിരുന്നത്. ഇക്കാര്യം സ്വിഗ്ഗിയെ അറിയിച്ചുവെങ്കിലും റീഫണ്ട് നൽകാൻ കമ്പനി തയാറായില്ല. തുടർന്ന് പെൺകുട്ടി ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.
ഉപഭോക്താവിനും ഹോട്ടലിനും ഇടയിലെ ഇടനിലക്കാരായാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് സ്വിഗ്ഗി കോടതിയിൽ വാദിച്ചു. ഡെലിവറി ഏജൻറിന്റെ തെറ്റിന് തങ്ങൾ ഉത്തരവാദിയല്ല. ഡെലിവറി ചെയ്തുവെന്ന ആപിൽ കാണിച്ച ഓർഡറിന്റെ നിജസ്ഥിതി പരിശോധിക്കാൻ തങ്ങൾക്ക് സംവിധാനമില്ലെന്നും സ്വിഗ്ഗി വ്യക്തമാക്കി. എന്നാൽ, ഈ വാദങ്ങൾ നിരാകരച്ച കോടതി നഷ്ടപരിഹാരമായി 3000 രൂപയും കോടതിച്ചെലവ് ഇനത്തിൽ 2000 രൂപയും നൽകാൻ വിധിക്കുകയായിരുന്നു. ഐസ്ക്രീം വാങ്ങാൻ ഉപയോഗിച്ച 187 രൂപയും നൽകാൻ വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

