ന്യൂഡൽഹി: മധുരപലഹാരങ്ങൾക്കും ഇനി മുതൽ കാലാവധി കഴിയുന്ന തീയതിയോ 'ബെസ്റ്റ് ബിഫോർ' തീയതിയോ (നിശ്ചിത തീയതിക്ക് മുമ്പായി ഉപയോഗിക്കണമെന്ന സൂചന) നിർബന്ധമാക്കി ഉത്തരവ്. ഭക്ഷ്യസുരക്ഷ, ഗുണനിലവാര അതോറിറ്റിയാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്. ഒക്ടോബർ ഒന്ന് മുതൽ നിർദേശം പ്രാബല്യത്തിൽ വരുമെന്നും ഉത്തരവിൽ പറയുന്നു.
ഗുണനിലവാരം കുറഞ്ഞ പലഹാരങ്ങളുടെ വിൽപന തടയുകയാണ് ഉത്തരവിലൂടെ ലക്ഷ്യം വെക്കുന്നത്. പാത്രങ്ങളിലും ട്രേകളിലുമായി പാക്ക് ചെയ്യാതെ വിൽപനക്കുവെക്കുന്ന പലഹാരങ്ങൾക്കാണ് 'ബെസ്റ്റ് ബിഫോർ' തീയതി നിർബന്ധമാക്കിയിരിക്കുന്നത്. പാക്ക് ചെയ്ത് വരുന്ന ബ്രാൻറഡ് പലഹാരങ്ങളിൽ നിലവിൽ ഇത് നൽകുന്നുണ്ട്.
പലഹാരങ്ങളുടെ നിർമാണ തീയതി പ്രദർശിപ്പിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ടെങ്കിലും അത് നിർബന്ധമാക്കിയിട്ടില്ല.