സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച: സോളിസിറ്റർ ജനറലിനെ പുറത്താക്കണമെന്ന് തൃണമൂൽ; പ്രധാനമന്ത്രിക്ക് കത്തയച്ചു
text_fieldsന്യൂഡൽഹി: സി.ബി.ഐയും എൻഫോഴ്‌സ്‌മെന്‍റും അന്വേഷിക്കുന്ന നിരവധി കേസുകളിൽ പ്രതിയായ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയ സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌തയുടെ നടപടി വിവാദമാകുന്നു. മെഹ്‌തയെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് പ്രധാനമന്ത്രിക്ക് കത്തയച്ചു.
നാരദ, ശാരദ അഴിമതി കേസുകളിൽ പ്രതിയായ സുവേന്ദു അധികാരി 30 മിനിറ്റോളം സോളിസിറ്റർ ജനറലുമായി കൂടിക്കാഴ്ച നടത്തിയതായാണ് ആരോപണം. മേഹ്തയുടെ വസതിയിലെത്തിയാണ് കണ്ടത്. സി.ബി.ഐക്ക് വേണ്ടി പല കേസുകളിലും സോളിസിറ്റർ ജനറൽ കോടതിയിൽ ഹാജരാകുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടിക്കാഴ്ചക്ക് പിന്നിൽ ദുരുദ്ദേശങ്ങളുണ്ടെന്നും സോളിസിറ്റർ ജനറലിനെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് എം.പിമാരായ ഡെറിക് ഓബ്രിയൻ, മഹുവ മൊയ്‌ത്ര, സുഖേന്ദു ശേഖർ റോയ് എന്നിവരാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.
'അറ്റോണി ജനറൽ കഴിഞ്ഞാൽ രാജ്യത്തെ മുതിർന്ന നിയമകാര്യ ഉദ്യോഗസ്ഥനും സുപ്രധാനകേസുകളിലും നിയമവിഷയങ്ങളിലും സർക്കാരിനെയും അന്വേഷണ ഏജൻസികളെയും പ്രതിനിധാനംചെയ്യുന്നതും സോളിസിറ്റർ ജനറലാണ്. അത്തരമൊരാൾ നിരവധി കേസുകളിൽ പ്രതിസ്ഥാനത്തുള്ള ബി.ജെ.പി നേതാവുമായി കൂടിക്കാഴ്‌ച നടത്തിയതിൽ ദുരൂഹതയുണ്ട്. നാരദ കേസിൽ സുവേന്ദു കോഴകൈപ്പറ്റുന്ന ഒളിക്യാമറാ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ശാരദാചിട്ടിത്തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ സുദീപ്‌ത സെൻ, സുവേന്ദു അധികാരിക്ക് എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഈ രണ്ടുകേസിലും സി.ബി.ഐയ്‌ക്ക് വേണ്ടി തുഷാർ മെഹ്‌ത കോടതിയിൽ ഹാജരായിട്ടുണ്ട്. സുവേന്ദുവും തുഷാർ മെഹ്‌തയുമായി കൂടിക്കാഴ്‌ച നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഈ കേസുകളുടെ ഭാവിയെക്കുറിച്ച് സംശയം ഉയർന്നിട്ടുണ്ട്' -കത്തിൽ പറഞ്ഞു.
എന്നാൽ, സുവേന്ദു അധികാരി വ്യാഴാഴ്ച വീട്ടിൽ വന്നിരുന്നെങ്കിലും തങ്ങൾ തമ്മിൽ കൂടിക്കാഴ്ച നടന്നിട്ടില്ലെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി. "സുവേന്ദു അധികാരി 3 മണിയോടെ എന്‍റെ ഔദ്യാഗിക വസതിയിലെത്തി. എന്നാൽ, ഞാൻ എന്‍റെ ചേംബറിൽ മുൻകൂട്ടി നിശ്ചയിച്ച മീറ്റിംഗിലായിരുന്നു. വെയിറ്റിംഗ് റൂമിൽ ഇരിക്കാൻ എന്‍റെ സ്റ്റാഫ് അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. മീറ്റിങ് അവസാനിച്ചശേഷം എന്‍റെ പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി സുവേന്ദു വന്ന കാര്യം എന്നെ അറിയിച്ചു. എന്നാൽ, കാണാൻ നിർവാഹമില്ലെന്നും കാത്തിരിക്കേണ്ടിവന്നതിൽ ക്ഷമ ചോദിക്കുന്നുെവന്നും അറിയിക്കാൻ ഞാൻ പ്രൈവറ്റ് സെക്രട്ടറിയോട് പറഞ്ഞു.'' തുഷാർ മേത്ത പ്രസ്താവനയിൽ പറഞ്ഞു. കാണാനാകില്ലെന്ന് താൻ പറഞ്ഞതോടെ അദ്ദേഹം മടങ്ങിയെന്നും സോളിസിറ്റർ ജനറൽ അവകാശപ്പെട്ടു.