ബംഗാളിലും വർഗീയ അജണ്ടകൾ നടപ്പിലാക്കാന്‍ ബി.ജെ.പി: `ലൗ ജിഹാദ്, ലാന്‍റ് ജിഹാദ്, നിർബന്ധിത മതപരിവർത്തനം എന്നിവക്കെതിരെ കർശന നിയമം കൊണ്ടുവരും, ഏക സിവിൽ കോഡ് നടപ്പിലാക്കും' -സുവേന്ദു അധികാരി
text_fieldsകൊൽക്കത്ത: അധികാരത്തിലേറിയതിന് പിന്നാലെ ന്യൂനപക്ഷങ്ങളെ ലക്ഷ‍്യമിട്ട് കടുത്ത വർഗീയ അജണ്ടകളുമായി ബംഗാൾ സർക്കാർ മുന്നോട്ടുപോകുമെന്ന് സൂചന നൽകി മുഖ‍്യമന്ത്രി സുവേന്ദു അധികാരി. ലൗ ജിഹാദ്, ലാൻഡ് ജിഹാദ്, നിർബന്ധിത മതപരിവർത്തനം എന്നിവയ്‌ക്കെതിരെ കർശന നിയമം കൊണ്ടുവരുമെന്നും ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സംസ്ഥാനത്തിന്റെ സാംസ്കാരിക തനിമ സംരക്ഷിക്കുന്നതിനുമായി ഏക സിവിൽകോഡ് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 'വന്ദേമാതര'ത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് കൊൽക്കത്തയിലെ രവീന്ദ്ര സദനിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ‍്യമന്ത്രി. കുടിയേറ്റം ജനസംഖ്യയിൽ മാറ്റം വരുത്തിയെന്നും അത് സംസ്ഥാനത്തിന്റെ സാമൂഹിക ഘടനയ്ക്കും ദേശീയ സുരക്ഷയ്ക്കും ഭീഷണിയാണെന്നും അദ്ദേഹം ആരോപിച്ചു. `ഞങ്ങൾക്ക് കുറച്ചു സമയം നൽകൂ. ലാൻഡ് ജിഹാദിനും ലൗ ജിഹാദിനും നിർബന്ധിത മതപരിവർത്തനത്തിനും എതിരെ കർശനമായ നിയമവും ഏകീകൃത സിവിൽ കോഡും പശ്ചിമ ബംഗാളിൽ നടപ്പിലാക്കും' സുവേന്ദു അധികാരി കൂട്ടി ചേർത്തു.
അതിർത്തിയുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി ആവശ്യമായ ഭൂമി നൽകി സർക്കാർ സുരക്ഷ ശക്തമാക്കിയെന്നും നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയാനും അവരെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കാനും അതിർത്തി ജില്ലകളിൽ ഹോൾഡിംഗ് സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും പശ്ചിമബംഗാൾ മുഖ‍്യമന്ത്രി പറഞ്ഞു. `അനധികൃതമായി നുഴഞ്ഞുകയറി ഇന്ത്യയുടെ സംസ്കാരത്തിനും ദേശീയ സുരക്ഷയ്ക്കും ഭീഷണിയാകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ തിരിച്ചയക്കും. അതേ സമയം മത പീഡനം നേരിട്ട് ഇന്ത്യയിലെത്തിയ ഹിന്ദുക്കൾ നുഴഞ്ഞുകയറ്റക്കാരല്ലെന്നും അവർക്ക് നിയമപ്രകാരം പൗരത്വം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. `ഇവിടെ ജീവിക്കുകയും എന്നാൽ രാജ്യത്തിന്റെ പ്രതിരോധ സേനയെ അപമാനിക്കുകയും, ഓപറേഷൻ സിന്ദൂറിനെ എതിർക്കുകയും, പഹൽഗാം ഭീകരാക്രമണത്തിൽ മൗനം പാലിക്കുകയും, മാനവികതയെക്കുറിച്ച് മാത്രം സംസാരിക്കുകയും ചെയ്യുന്നവർക്ക് ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ അനുവാദം നൽകില്ല' അദ്ദേഹം കൂട്ടിച്ചേർത്തു. വന്ദേമാതരത്തെ രാജ്യത്തിനായുള്ള ഒരു സഞ്ജീവനി മന്ത്രം എന്ന് വിശേഷിപ്പിച്ച സുവേന്ദു അധികാരി ദേശസ്നേഹത്തെയും ദേശീയ ഐക്യത്തെയും പ്രതീകവത്കരിക്കുന്നുവെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

