മമതക്കെതിരെ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
text_fieldsകൊൽക്കത്ത: കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ബി.ജെ.പി നേതാവായ അധികാരി ഇക്കാര്യം പരസ്യപ്പെടുത്തിയത്.
അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ നോട്ടീസ് നൽകിയിട്ടും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ആലിപ്പൂർ സിവിൽ ജഡ്ജി (സീനിയർ ഡിവിഷൻ) കോടതിയെ സമീപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ബഹുമാനപ്പെട്ട മമത ബാനർജി, നിങ്ങൾ പ്രശ്നങ്ങളെയും ജനങ്ങളെയും ആശയക്കുപ്പത്തിലാക്കുമ്പോൾ ഞാൻ എന്റെ പ്രതിബദ്ധതകളെ മാനിക്കുന്നു. കൽക്കരി കുംഭകോണത്തിൽ എനിക്ക് പങ്കുണ്ടെന്ന നിങ്ങളുടെ ആരോപണവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിന് മറുപടി നൽകാത്തിരിക്കുന്നത് നിങ്ങൾക്ക് ഗുണം ചെയ്യില്ല’ എന്നാണ് ബി.ജെ.പി എം.എൽ.എ എക്സിൽ പോസ്റ്റ് ചെയ്തത്.
നിശ്ചിത സമയത്തിനുള്ളിൽ മറുപടി നൽകാത്തതിനാൽ മമതക്കെതിരെ കേസ് ഫയൽ ചെയ്തുവെന്നും എത്രയും പെട്ടന്ന് അഭിഭാഷകരുമായി ബന്ധപ്പെടാനും അല്ലാത്തപക്ഷം തനിക്ക് 100 കോടി രൂപ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി. ജനുവരി എട്ട്, ഒമ്പത് തീയതികളിൽ മമത നടത്തിയ പ്രസ്താവനയിൽ അധികാരിയെയും കേന്ദ്രമന്ത്രി അമിത്ഷായെയും കൽക്കരി അഴിമതിയുമായി ബന്ധിപ്പിച്ചു എന്നാരോപിച്ചാണ് പ്രതിപക്ഷ നേതാവ് മമത ബാനർജിക്ക് നോട്ടീസയച്ചത്.
തൃണമൂൽ കോൺഗ്രസ് സർക്കാറിൽ ഒരു മുതിർന്ന മന്ത്രിയായിരുന്ന അധികാരി 2021 ലെ പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നത്. അന്നു മുതൽ മമതയും സുവേന്ദുവും തമ്മിലുള്ള രാഷ്ട്രീയ പോര് തെരുവുകളിലും ഇപ്പോൾ കോടതി മുറികളിലും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

