മെസ്സി പങ്കെടുത്ത പരിപാടിയിൽ ടിക്കറ്റെടുത്തവർക്ക് പണം തിരികെ നൽകുമെന്ന് ഉറപ്പ് നൽകി സുവേന്ദു അധികാരി
text_fieldsകൊൽക്കത്ത: അനിഷ്ട സംഭവങ്ങളെ തുടർന്ന് അലങ്കോലപ്പെട്ട ലയണൽ മെസ്സി പങ്കെടുത്ത യുവഭാരതി സ്റ്റേഡിയത്തിൽ നടന്ന പരിപാടിക്ക് ടിക്കറ്റെടുത്ത 33,000 ആരാധകരുടെ പണം സംസ്ഥാനത്തിന്‍റെ കായിക ബജറ്റിൽ നിന്ന് തിരികെ നൽകുമെന്ന് ദേശീയ കായിക ദിനത്തിൽ മുഖ്യമന്ത്രി സുവേന്ദു അധികാരി ഉറപ്പുനൽകി.
2025 ഡിസംബർ 13നാണ് ലയണൽ മെസ്സി യുവഭാരതി സ്റ്റേഡിയം സന്ദർശിച്ചത്. എന്നാൽ പരിപാടി അലങ്കോലപ്പെട്ടു. തൃണമൂൽ കോൺഗ്രസ് സർക്കാറിലെ കായിക മന്ത്രി അരൂപ് ബിശ്വാസിന്‍റെ അമിതമായ ഇടപെടലാണ് ഇതിന് കാരണമെന്നാണ് ആരോപണം. 4,000 രൂപയും 6,000 രൂപയും വിലയുള്ള ടിക്കറ്റുകളുടെ പണം തിരികെ നൽകണമെന്ന് അന്ന് സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികൾ ആവശ്യപ്പെട്ടിരുന്നു.
സ്റ്റേഡിയത്തിൽ മെസ്സി എത്തിയപ്പോൾ ഗ്രൗണ്ടിൽ രാഷ്ട്രീയ നേതാക്കളും വി.ഐ.പികളും സെലിബ്രിറ്റികളും സെൽഫി എടുക്കാനായി അദ്ദേഹത്തെ വളഞ്ഞു. ഇതോടെ ഗാലറിയിലുണ്ടായിരുന്ന പതിനായിരക്കണക്കിന് ആരാധകർക്ക് മെസ്സിയെ വ്യക്തമായി കാണാൻ സാധിച്ചില്ല. മെസ്സിയുടെ ശരീരത്തിൽ തൊടാനും കെട്ടിപ്പിടിക്കാനും ആളുകൾ തള്ളിക്കയറിയത് അദ്ദേഹത്തിന്റെ സുരക്ഷാ സംഘത്തിന് ആശങ്കയുണ്ടാക്കി.
45 മിനിറ്റ് നിശ്ചയിച്ചിരുന്ന പരിപാടിയിൽ സുരക്ഷാ കാരണങ്ങളാൽ വെറും 10-20 മിനിറ്റിനുള്ളിൽ മെസ്സിയെ അവിടെനിന്ന് മാറ്റേണ്ടി വന്നു. വലിയ തുക നൽകി ടിക്കറ്റെടുത്ത് പ്രിയ താരത്തെ കാണാൻ സാധിക്കാതെ വന്നതോടെ ആരാധകർ കസേരകളും കുപ്പികളും ഗ്രൗണ്ടിലേക്ക് എറിയുകയും സ്റ്റേഡിയത്തിലെ വസ്തുവകകൾ തകർക്കുകയും ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

