വേണ്ടത് വനനശീകരണമല്ല, സുസ്ഥിര വികസനം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സുസ്ഥിര വികസനം അനിവാര്യമാണെങ്കിലും അതിനായി ബുൾഡോസറുകൾ ഉപയോഗിച്ച് വനം നശിപ്പിക്കുന്നത് തടയണമെന്ന് സുപ്രീംകോടതി. തെലങ്കാനയിലെ ഗച്ചിബൗളി പ്രദേശത്ത് വൻതോതിൽ മരങ്ങൾ വെട്ടിമാറ്റിയതിനെത്തുടർന്ന് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി, ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രൻ, ജോയ് മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം അഭിപ്രായപ്പെട്ടത്.
സുസ്ഥിര വികസനത്തിനുവേണ്ടി വാദിക്കുന്ന ആളാണ് താനെന്നും പക്ഷേ, അതിനർഥം ഒറ്റരാത്രികൊണ്ട് 30 ബുൾഡോസറുകൾ ഉപയോഗിച്ച് മുഴുവൻ കാടും വെട്ടിനിരത്തണമെന്നല്ലെന്നും ചീഫ് ജസ്റ്റിസ് ഗവായി പറഞ്ഞു.
സംസ്ഥാനത്തിന്റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ആഗ്രഹിക്കുന്ന നിരവധി സ്വകാര്യ കക്ഷികളെക്കുറിച്ച് കേസിൽ അമിക്കസ് ക്യൂറിയായ മുതിർന്ന അഭിഭാഷകൻ കെ. പരമേശ്വർ, ബെഞ്ചിനെ അറിയിച്ചു. തുടർന്ന് ആഗസ്റ്റ് 13ന് കേസ് പരിഗണിക്കാൻ മാറ്റി. കോടതികൾ പ്രവർത്തിക്കാത്ത നീണ്ട വാരാന്ത്യം മുതലെടുത്ത് മരങ്ങൾ മുറിച്ചത് എന്തുകൊണ്ടാണെന്ന് ബെഞ്ച് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

