ഓർഡർ അഞ്ച് മിനുറ്റ് വൈകിയതിന് ക്രൂരത; ഡെലിവറി ഏജന്റിനെ തല്ലിച്ചതച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ
text_fieldsലഖ്നൗ: ഉത്തർപ്രദേശിലെ മീററ്റിൽ ഓർഡർ വൈകിയെത്തിയെന്നാരോപിച്ച് ഡെലിവറി ഏജന്റിനെ ക്രൂരമായി മർദ്ദിച്ച 34 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗംഗാ സാഗർ കോളനിയിലെ ഗംഗാ ഹൈറ്റ്സ് നിവാസിയായ യമൻ ആണ് പിടിയിലായത്. ഭവൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
അമിത് എന്ന ഡെലിവറി ജീവനക്കാരനാണ് ആക്രമണത്തിനിരയായത്. വൈകുന്നേരങ്ങളിൽ പഠനത്തോടൊപ്പം പാർട്ട് ടൈം ആയി ഡെലിവറി ജോലി ചെയ്തുവരികയാണ് അമിത്. സംഭവദിവസം ഒരു അപ്പാർട്ട്‌മെന്റിൽ ഓർഡർ എത്തിക്കാൻ വന്ന പ്രതിയായ യമനുമായി തർക്കമുണ്ടായത്. തനിക്ക് വന്ന ഓർഡർ അഞ്ച് മിനിറ്റ് മാത്രമാണ് വൈകിയതെന്ന് അമിത് പൊലീസിനോട് പറഞ്ഞു. എന്നാൽ അമിത് 15 മിനിറ്റ് വൈകിയാണ് എത്തിയതെന്ന് ആരോപിച്ചായിരുന്നു യമന്റെ ആക്രമണം.
യമൻ അമിതിനെ അപ്പാർട്ട്‌മെന്റിനുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ട് പോയി മർദ്ദിക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ യമൻ അമിതിനെ തല്ലുന്നതും ചവിട്ടുന്നതും വ്യക്തമായി കാണാം. അമിതിനെതിരെ വ്യാജമായി സ്ത്രീപീഡന കേസ് കൊടുക്കുമെന്നും ജീവനോടെ വെക്കില്ലെന്നും യമൻ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. കൂടാതെ അമിതിലൂടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും പണവും പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തു.
സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് മറ്റ് ഡെലിവറി ജീവനക്കാർ ഭവൻപൂർ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. യമൻ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഡെലിവറി ഏജന്റുമാർ ജോലി ബഹിഷ്കരിച്ച് പ്രതിഷേധം അറിയിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് കേസെടുക്കുകയും പ്രതിയായ യമനെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് ഭവൻപൂർ എസ്.എച്ച്.ഒ ജോഗിന്ദർ സിങ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

