ന്യൂഡൽഹി: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ ട്വീറ്റുകൾ സംപ്രേഷണം ചെയ്ത ആജ് തക് ചാനലിന് ദേശീയ ബ്രോഡ്കാസ്റ്റിങ് സ്റ്റാൻഡേഡ് അതോറിറ്റി (എൻ.ബി.എസ്.എ) ലക്ഷം രൂപ പിഴ ചുമത്തി. ധാർമികത ലംഘിച്ച് വിഷയം റിപ്പോർട്ട് ചെയ്ത ആജ് തക്, സീ ന്യൂസ്, ഇന്ത്യ ടി.വി, ന്യൂസ് 24 എന്നീ ചാനലുകൾ ക്ഷമാപണം നടത്തണമെന്നും എൻ.ബി.എസ്.എ നിർദേശിച്ചു.
വ്യാജ ട്വീറ്റുകൾ സംപ്രേഷണം ചെയ്യുന്നതിന് മുമ്പ് ആജ് തക് ചാനൽ ആധികാരികത പരിശോധിക്കണമായിരുന്നെന്ന് എൻ.ബി.എസ്.എ അധ്യക്ഷൻ മുൻ സുപ്രീംകോടതി ജഡ്ജി എ.കെ. സിക്രി ഇറക്കിയ ഉത്തരവിൽ പറയുന്നു. സംപ്രേഷണം ചെയ്യേണ്ട ക്ഷമാപണം, തിയതി, സമയം എന്നിവ എൻ.ബി.എസ്.എ അറിയിക്കും. ക്ഷമാപണ ദൃശ്യങ്ങൾ ചാനൽ സമർപ്പിക്കണം.
വ്യാജ വിവരങ്ങൾ നൽകിയ പരിപാടികൾ വെബ്സൈറ്റിൽ നിന്നും യൂട്യൂബിൽ നിന്നും എത്രയും വേഗം നീക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
സുശാന്ത് സിങ് രാജ്പുതിന്‍റെ മൃതദേഹം നിലവിലെ മാർഗരേഖകൾക്ക് വിരുദ്ധമായ രീതിയിൽ പ്രദർശിപ്പിച്ചതിനാണ് ആജ് തക്, ഇന്ത്യ ടി.വി ചാനലുകൾ മാപ്പ് പറയേണ്ടത്. മാർഗരേഖക്ക് വിരുദ്ധമായ ടിക്കേർസ്, ടാഗ് ലൈൻസ് എന്നിവ ആജ് തക്, സീന്യൂസ്, ന്യൂസ് 24 എന്നീ ചാനലുകൾ ഉപയോഗിച്ചതായും എൻ.ബി.എസ്.എ കണ്ടെത്തി.