അതിജീവിതയും പ്രതിയും വിവാഹിതരായി; ബലാത്സംഗ കേസിൽ ശിക്ഷ റദ്ദാക്കി സുപ്രീംകോടതി
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി: അതിജീവിതയും പ്രതിയും മാസങ്ങൾക്ക് മുമ്പ് വിവാഹിതരായെന്ന് ചൂണ്ടിക്കാട്ടി ബലാത്സംഗക്കേസ് റദ്ദാക്കി സുപ്രീംകോടതി. ജസ്റ്റിസുമാരായ ബി.വി നാഗരത്ന, സതീഷ് ചന്ദ്രശർമ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് അസാധാരണമായ ഇടപെടൽ. മധ്യപ്രദേശ് ഹൈകോടതി വിധിക്കെതിരായ പ്രതിയുടെ ഹരജി പരിഗണിച്ചാണ് കോടതിയുടെ നടപടി.
2021ൽ, മധ്യപ്രദേശിൽ രജിസ്റ്റർ ചെയ്ത കേസാണിത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവും യുവതിയും പിന്നീട് പ്രണയത്തിലായെന്നും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നുമായിരുന്നു കേസ്. വിചാരണ കോടതി പ്രതിക്ക് പത്ത് വർഷം കഠിന തടവും 55,000 രൂപ പിഴയും വിധിച്ചു. ഇതിനെതിരെ ഹൈകോടതിയെ സമീപിച്ചുവെങ്കിലും 2024 ഏപ്രിലിൽ ഹരജി തള്ളി.
തുടർന്നാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്. ഇതിനിടെ പ്രതി ജയിലിലായിരുന്നു. കേസ് പരിഗണിച്ച കോടതി പ്രതിയുമായും പെൺകുട്ടിയുമായും സംസാരിക്കുകയും പെൺകുട്ടിയുടെ രക്ഷിതാക്കളൂടെ സാന്നിധ്യത്തിൽ ഇവരുടെ വിവാഹ കാര്യം ചർച്ചയാക്കുകയൂം ചെയ്തു. തുടർന്ന് ജൂലൈയിൽ ഇരുവരും വിവാഹിതരായി. ഇക്കാര്യം ചുണ്ടിക്കാട്ടിയാണ് കോടതി കേസ് റദ്ദാക്കി ശിക്ഷ മരവിപ്പിച്ചത്.
വിവാഹം നീട്ടിവെക്കണമെന്ന പ്രതിയുടെ ആവശ്യത്തെ വഞ്ചനയായി യുവതി തെറ്റിധരിച്ചതാണ് കേസിലേക്ക് എത്തിയതെന്ന് ഇരുവരുമായുള്ള സംഭാഷണത്തിൽ കോടതിക്ക് ബോധ്യപ്പെട്ടതായി ബെഞ്ച് വ്യക്തമാക്കി. തുടർന്നാണ് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയത്. ആളുകളെ ഇത്തരത്തിൽ ഒന്നിപ്പിക്കാനുള്ള ആറാമിന്ദ്രിയം കോടതിക്കുണ്ടെന്നും ബെഞ്ച് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

