മുൻ കേന്ദ്രമന്ത്രി സുരേഷ് കൽമാഡി അന്തരിച്ചു
text_fieldsമുംബൈ: മുൻ കേന്ദ്രമന്ത്രിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ചെയർമാനുമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് സുരേഷ് കൽമാഡി (81) അന്തരിച്ചു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെ പുണെയിലെ ദീൻനാഥ് മങ്കേഷ്കർ ആശുപത്രിയിലായിരുന്നു മരണം.
2010 ലെ ഡൽഹി കോമൺവെൽത്ത് ഗെയിംസ് അഴിമതി ആരോപണത്തെ തുടർന്ന് കോൺഗ്രസ് സസ്പെൻഡ് ചെയ്തതു മുതൽ പൊതുരംഗത്തുനിന്നും വിട്ടുനിൽക്കുകയായിരുന്നു. കേസുകളിൽ പിന്നീട് അനുകൂല വിധിയുണ്ടായി. ഇതേ കേസുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് കേസ് കഴിഞ്ഞ ഏപ്രിലിലാണ് ഡൽഹി പ്രത്യേക കോടതി റദ്ദാക്കിയത്.
സുരേഷ് കൽമാഡി
പുണെയിൽ കോൺഗ്രസിന്റെ നട്ടെല്ലായിരുന്നു. 1980ൽ രാജ്യസഭയിലൂടെ ആയിരുന്നു ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. തുടർച്ചയായി മൂന്ന് തവണ രാജ്യസഭ എം.പിയായി. 1996, 2004, 2009കളിലെ ലോക്സഭ തെരഞ്ഞെടുപ്പുകളിൽ പുണെയിൽ മത്സരിച്ചു ജയിച്ചു. നരസിംഹ റാവു സർക്കാരിൽ റെയിൽവേ സഹമന്ത്രിയായി.
1992ൽ ദേശീയ ഗെയിംസ് പുണെയിൽ നടത്തുന്നതിനു മുൻകൈയെടുത്തു. പുണെയുടെ വികസനത്തിന് തുടക്കം കുറിച്ചത് അതോടെയാണ് എന്നാണ് വിലയിരുത്തൽ. പുണെ, കൽമാഡി ഹൗസിലെ പൊതുദർശനത്തിന് ശേഷം വൈകീട്ട് മൂന്നോടെ നവിപേത്ത് ശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: മീര കൽമാഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

