ഭാര്യയെ കൊന്ന് മൃതദേഹം മരപ്പെട്ടിക്കുള്ളിലാക്കി; കാണാനില്ലെന്ന് പരാതി നൽകിയ ഭർത്താവ് ഒളിവിൽ
text_fieldsസൂറത്ത്: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം മരപ്പെട്ടിക്കുള്ളിൽ ഒളിപ്പിച്ച ശേഷം കാണാനില്ലെന്ന് പരാതി നൽകി പൊലീസിനെ കബളിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനായി തിരച്ചിൽ ഊർജിതം. സൂറത്തിലെ ശിൽപ സാൽവി (39) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് വിശാൽ സാൽവിക്കെതിരെ (40) പൊലീസ് കേസെടുത്തു. സലബത്പുര പൊലീസ് സ്റ്റേഷൻ പരിധിയിലെ പൂട്ടിയിട്ട വീട്ടിൽ നിന്നുമാണ് അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.
ഭാര്യയെ കാണാനില്ലെന്ന് കാട്ടി നാല് ദിവസം മുമ്പാണ് വിശാൽ പൊലീസിൽ പരാതി നൽകിയത്. ഡയറ്റീഷ്യനായ ശിൽപയെ ജോലിക്ക് പോയ ശേഷം കണ്ടിട്ടില്ലെന്നായിരുന്നു മൊഴി. എന്നാൽ, പൊലീസിന്റെ പഴുതടച്ചുള്ള അന്വേഷണം ഒടുവിൽ പരാതിക്കാരനിൽ തന്നെ ചെന്നെത്തുകയായിരുന്നു. ദമ്പതികളുടെ മുറിയിൽ നിന്ന് മകന് ലഭിച്ച ഒരു കത്താണ് കേസിൽ നിർണായക വഴിത്തിരിവായത്.
‘ഞാൻ വലിയൊരു തെറ്റ് ചെയ്തു, ശിൽപ ഇനി ജീവനോടെയില്ല’ എന്നായിരുന്നു വിശാൽ എഴുതിയ കത്തിലെ വരികൾ. മകൻ ഈ കത്ത് പൊലീസിന് കൈമാറിയതോടെയാണ് കൊലപാതക വിവരം പുറംലോകം അറിഞ്ഞത്.
തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു മരപ്പെട്ടിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ ശിൽപയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ദമ്പതികൾക്കിടയിൽ വഴക്ക് പതിവായിരുന്നുവെന്നും അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു. പ്രതിക്കായി അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

