അഞ്ചുവയസ്സുകാരനെ ഉപേക്ഷിച്ച് മാതാപിതാക്കൾ, കാണാതായെന്ന് മാസങ്ങൾക്ക് ശേഷം വ്യാജ പരാതി; അറസ്റ്റ്
text_fieldsപ്രതീകാത്മക ചിത്രം
സൂറത്ത്: അഞ്ചുവയസ്സുകാരനായ മകനെ ഉപേക്ഷിച്ച ശേഷം കുട്ടിയെ കാണാതായെന്ന് വ്യാജ പരാതി നൽകിയ അമ്മയും അവരുടെ ഭർത്താവും അറസ്റ്റിൽ. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം.
വരാച്ച സ്വദേശികളായ രവിയും ഭാര്യ ദുർഗയും ജൂലൈ 16ന് മകൻ വീടിന് മുന്നിൽ കളിക്കുന്നതിനിടെ കാണാതായെന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, പ്രദേശവാസികളോട് അന്വേഷിക്കുകയും പരിസരത്തെ 25ഓളം സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തതോടെ ഇവരുടെ മൊഴിയിൽ പൊരുത്തക്കേടുകൾ പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് ഇരുവരെയും വിശദമായി ചോദ്യം ചെയ്തു. ഇതോടെ മാസങ്ങൾക്ക് മുമ്പ് കുട്ടിയെ ഉപേക്ഷിച്ചതായി ഇവർ സമ്മതിക്കുകയായിരുന്നു.
ദുർഗയുടെ ആദ്യ വിവാഹത്തിലെ മകനായിരുന്നു കുട്ടി. പിന്നീട് രവിയെ വിവാഹം കഴിച്ചശേഷം കുട്ടിയെ വളർത്താൻ ഇരുവർക്കും താൽപര്യമില്ലായിരുന്നു. ഇതോടെ കുട്ടിയെ ഉപേക്ഷിക്കാൻ തീരുമാനിച്ചു. തുടർന്ന് 2025 ഡിസംബർ ഒന്നിന് വരാച്ചയിലെ ജഗ്ദീഷ് നഗർ ചൗപാട്ടി മേഖലയിൽ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് നാട്ടുകാർ കുട്ടിയെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയതോടെയാണ് സംശയം ഒഴിവാക്കാനാണ് വ്യാജ പരാതി നൽകിയതെന്നും പൊലീസ് പറഞ്ഞു.
അന്വേഷണത്തിനൊടുവിൽ കുട്ടിയെ കതർഗാമിലെ ശിശുപരിപാലന കേന്ദ്രത്തിൽ കണ്ടെത്തി. അപകടകരമായ സാഹചര്യത്തിൽ കുട്ടിയെ ഉപേക്ഷിച്ചതിനും പൊലീസിന് തെറ്റായ വിവരം നൽകിയതിനും ഭാരതീയ ന്യായ സംഹിതയിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്ത് ഇരുവരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

