ന്യൂഡൽഹി: ചീഫ് ജസ്റ്റിസിനെതിരെ രംഗത്തു വന്ന മുതിർന്ന നാലു ജഡ്ജിമാരെ ഒഴിവാക്കി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടേതാണ് തീരുമാനമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജസ്റ്റിസുമാരായ എ.കെ. സിക്രി, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൺ എന്നിവരാണ് പുനഃസംഘടിപ്പിച്ച ഭരണഘടനാ ബെഞ്ചിലെ പുതിയ അംഗങ്ങൾ.
കേസുകൾ പരിഗണിക്കുന്ന ബെഞ്ചുകൾ തീരുമാനിക്കുന്നത് അടക്കമുള്ള വിഷയങ്ങളിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോട് വിയോജിപ്പ് അറിയിച്ച മുതിർന്ന ജസ്റ്റിസുമാരായ ജെ. ചെലമേശ്വർ, കുര്യൻ ജോസഫ്, മദൻ ബി. ലോക്കൂർ, രഞ്ജൻ ഗൊഗോയ് എന്നിവരെയാണ് ഭരണഘടനാ ബെഞ്ചിൽ നിന്ന് നീക്കിയത്. ആധാർ, ശബരിമലയിലെ സ്ത്രീ പ്രവേശനം, സ്വവർഗരതി കുറ്റക്കരമാക്കിയത് പുനഃപരിശോധിക്കൽ തുടങ്ങിയ കേസുകളാണ് പുനഃസംഘടിപ്പിച്ച ഭരണഘടനാ ബെഞ്ച് പരിഗണിക്കുക.
സുപ്രീംകോടതിയിലെ തർക്കങ്ങൾ പരിഹരിച്ചെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ രാവിലെ വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസും ജഡ്ജുമാരും കൂടിക്കാഴ്ച നടത്തിയെന്നും ചർച്ചകൾ നടത്തിയതായും വേണുഗോപാൽ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു കൊണ്ടുള്ള ചീഫ് ജസ്റ്റിസ് ഉത്തരവ് പുറപ്പെടുവിച്ചത്.