മാതാപിതാക്കളുടെ സ്നേഹം കിട്ടാൻ ഓരോ കുട്ടിക്കും അവകാശമുണ്ട് -സുപ്രീം കോടതി
text_fieldsന്യൂഡൽഹി: രണ്ട് രാജ്യത്ത് ജീവിക്കുന്നവരാണ് മാതാപിതാക്കളെങ്കിൽക്കൂടി ഓരോ കുട്ടിക്കും ഇരുവരുടെയും സ്നേഹം ലഭിക്കാൻ അവകാശമുണ്ടെന്നും അവർ കുട്ടിയുമായി ബന്ധം നിലനിർത്തണെമെന്നും സുപ്രീം കോടതി. വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് പരാമർശം.
അമ്മക്കൊപ്പം അയർലന്‍റിൽ കഴിയുന്ന 9 വയസുകാരനുമായി വിഡിയോ കോൾ വഴി സംസാരിക്കാൻ അനുവദിക്കണമെന്ന പിതാവിന്‍റെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. കുട്ടിയെ കാണാൻ അനുവദിക്കാതിരുന്നാൽ പിതാവിൽ നിന്നുള്ള സ്നേഹവും വൈകാരിക പിന്തുണയും നഷ്ടപ്പെടാൻ കാരണമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
രണ്ടുപേരുടെയും ഭാഗത്ത് തെറ്റുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി മാതാപിതാക്കൻമാർക്കിടയിലെ വ്യക്തിപരമായ അഭിപ്രായങ്ങൾ കുട്ടിയുടെ ഭാവിയെ ബാധിക്കുന്നത് അനുവദിക്കാൻ പാടില്ലെന്ന് വ്യക്തമാക്കി. കുട്ടിയെ വിട്ടുകിട്ടണമെന്നല്ല, മറിച്ച് കണ്ടാൽ മതിയെന്ന പിതാവിന്‍റെ ആവശ്യം ന്യായമാണെന്ന് കോടതി കണ്ടെത്തി. തുടർന്ന് എല്ലാ ഞായറാഴ്ചകളിലും രാവിലെ 10നും 12 നും ഇടക്ക് കുട്ടിയെ വിഡിയോ കോൺഫറൻസിങ് വഴി കാണാനും സംസാരിക്കാനുമുള്ള അനുവാദം പിതാവിന് നൽകികൊണ്ട് ഉത്തരവിട്ടു.
ഉത്തരവ് സുഗമമായി നടപ്പാക്കാൻ ഇരുഭാഗത്തു നിന്നും സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. വിഡിയോ കോൾ ചെയ്യുന്നതിൽ സാങ്കേതിക തടസ്സങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കണമെന്നും കുട്ടിയുടെ താൽപ്പര്യത്തിനാണ് പ്രാധാന്യമെന്നും കോടതി ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

