പാൻകാർഡിന് ആധാർ: തങ്ങളെന്തിന് എതിർക്കണം –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പാന്‍കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കിയതിനെ എം.പിമാര്‍പോലും എതിര്‍ക്കാത്ത സാഹചര്യത്തില്‍ തങ്ങള്‍ എന്തിന് എതിർപ്പ് പ്രകടിപ്പിക്കണമെന്ന് ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ചോദിച്ചു. പാര്‍ലമെൻറില്‍ 542 പേർ എതിര്‍ക്കുന്നില്ലെങ്കില്‍ കോടതി എന്തിനാണ് എതിര്‍ക്കുന്നതെന്നും ബെഞ്ച് ചോദിച്ചു.
കഴിഞ്ഞ ബജറ്റിനെ തുടര്‍ന്ന് കൂട്ടിച്ചേര്‍ത്ത ആദായനികുതി വകുപ്പിലെ 139- എ.എ വകുപ്പിെൻറ ഭരണഘടനാ സാധുത ചോദ്യംചെയ്ത് സി.പി.ഐ നേതാവ് ബിനോയ് വിശ്വം അടക്കമുള്ളവർ സമർപ്പിച്ച ഹരജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. പാന്‍കാര്‍ഡിനും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനും ആധാര്‍ നിര്‍ബന്ധമാക്കുന്നതാണ് ഈ വകുപ്പ്. ആധാര്‍ നിയമത്തിെൻറ ലക്ഷ്യവും ആദായനികുതി വകുപ്പിലെ 139- എ.എ വകുപ്പിെൻറ ലക്ഷ്യവും രണ്ടാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. അതിനാല്‍ ഈ വകുപ്പിെൻറ സാധുതയെ ആധാര്‍ നിയമംവെച്ച് അളക്കാനാവില്ല.
നികുതിവെട്ടിപ്പുകൊണ്ടുള്ള വരുമാനച്ചോര്‍ച്ച തടയാന്‍ സര്‍ക്കാറിന് പുതിയ നിയമം കൊണ്ടുവരാവുന്നതാണെന്നും ഇന്ത്യയില്‍ നികുതിവെട്ടിപ്പ് നിലനില്‍ക്കുന്നുണ്ടെന്നും ഇത് രാജ്യത്തിന് നാണക്കേടാണെന്നും സുപ്രീംകോടതി പറഞ്ഞു. അതേസമയം, ധനബില്ലില്‍ 139- എ.എ വകുപ്പ് ആദ്യം ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും ഹരജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകരായ അരവിന്ദ് ദത്തര്‍, ശ്യാം ദിവാൻ, ശ്രീരാം പ്രക്കാട്ട്, വിഷ്ണു ശങ്കര്‍ എന്നിവര്‍ വാദിച്ചു. വ്യാജ കാര്‍ഡുകള്‍ തടയാന്‍ ബയോമെട്രിക് സംവിധാനം മാത്രമാണ് ഫലപ്രദമായ പോംവഴിയെന്നും ജനസംഖ്യയില്‍ 99 ശതമാനത്തോളം പേരും ആധാര്‍ നേടിക്കഴിഞ്ഞെന്നും കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോണി ജനറല്‍ മുകുൾ രോഹതഗി വാദിച്ചു. കേസില്‍ വ്യാഴാഴ്ചയും വാദം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
