എന്തുകൊണ്ടാണ് ഇൗ രാജ്യത്ത് സ്ത്രീകൾക്ക് സമാധാനമായി ജീവിക്കാനാകാത്തത്? –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: എന്തുകൊണ്ടാണ് നമ്മുടെ രാജ്യത്ത് സ്ത്രീകൾക്ക് സമാധാനമായി ജീവിക്കാനാകാത്തതെന്ന് സുപ്രീംകോടതി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി ആശങ്ക പങ്കുവെച്ചത്. 16കാരിയായ പെൺകുട്ടിയെ ശല്യം ചെയ്ത് ആത്മഹത്യയിലെത്തിച്ച കേസിൽ ഏഴ് വർഷം ജയിൽശിക്ഷക്ക് വിധിക്കപ്പെട്ടയാൾ സമർപ്പിച്ച അപ്പീലിൽ വാദം കേൾക്കുകയായിരുന്നു ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലെ ബെഞ്ച്. ഒാരോരുത്തർക്കും സ്വതന്ത്രമായ താൽപര്യങ്ങളുണ്ടെന്നും ഒരാളെ പ്രണയിക്കാൻ ഒരു സ്ത്രീയെ നിർബന്ധിക്കാനാവില്ലെന്നും പ്രണയത്തിെൻറ യാഥാർഥ്യങ്ങൾ പുരുഷന്മാർ ഉൾക്കൊള്ളണമെന്നും ബെഞ്ച് വിലയിരുത്തി.
വാദത്തിനിടെ പെൺകുട്ടിയുടെ മരണമൊഴിയെ സംബന്ധിച്ച സംശയമുന്നയിച്ച പ്രതിഭാഗം അഭിഭാഷകൻ, വൈദ്യപരിശോധനാ റിപ്പോർട്ടനുസരിച്ച്, ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം പെൺകുട്ടിക്ക് സംസാരിക്കാനോ എഴുതാനോ കഴിഞ്ഞിരുന്നില്ലെന്ന് ആരോപിച്ചു. എന്നാൽ, വാദം തള്ളിയ കോടതി പ്രതിയാണ് പെൺകുട്ടിയെ ആത്മഹത്യയിലെത്തിച്ചതെന്ന് ചൂണ്ടിക്കാണിച്ചു. 2008ലാണ് സംഭവം. മാതാപിതാക്കൾ വീട്ടിലില്ലാത്തപ്പോൾ പെൺകുട്ടി സ്വയം തീകൊളുത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. 2010ൽ പ്രതിയെ വിചാരണകോടതി വെറുതെ വിട്ടു. എന്നാൽ, ഇതിനെതിരെ ഹിമാചൽപ്രദേശ് സർക്കാർ ഹൈകോടതിയെ സമീപിച്ചു. ഹൈകോടതി പെൺകുട്ടിയുടെ മരണമൊഴി തെളിവാക്കി പ്രതിയെ ഏഴ് വർഷം തടവിന് ശിക്ഷിക്കുകയായിരുന്നു. ഇതിനെതിരെയാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
