ബുൾഡോസർ രാജ് തടയാതെ സുപ്രീംകോടതി
text_fieldsന്യൂഡൽഹി: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സർക്കാറിനെതിരെ പ്രതിഷേധത്തിനിറങ്ങുന്നവരുടെ വീടുകളും കെട്ടിടങ്ങളും തകർക്കുന്ന ബുൾഡോസർ രാജ് വിലക്കണമെന്ന ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളി. അത്തരമൊരു ഉത്തരവ് തങ്ങൾ ഇറക്കിയാൽ അത് മുനിസിപ്പൽ അധികാരികളുടെ അവകാശങ്ങളെ ഹനിക്കുമെന്ന് ജസ്റ്റിസുമാരായ ബി.ആർ ഗവായിയും പി.എസ് നരസിംഹയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. ഹരജി ആഗസ്റ്റ് 10ലേക്ക് മാറ്റി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മുസ്ലിം ന്യൂനപക്ഷങ്ങളുടെ വീടുകളും കെട്ടിടങ്ങളും തകർക്കുന്ന നടപടി തടയണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
ഒരു സമുദായത്തെമാത്രം ലക്ഷ്യമിട്ടാണ് ബുൾഡോസറുകൾ വീടുകൾ തകർക്കുന്നതെന്നും മറ്റു അനധികൃത കെട്ടിടങ്ങൾക്കെതിരെ ഈ നടപടിയില്ലെന്നും ജംഇയ്യത്തിന്‍റെ അഭിഭാഷകൻ ദുഷ്യന്ത് ദവെ ബോധിപ്പിച്ചു. എന്നാൽ, മറ്റൊരു സമുദായം ഇല്ലെന്നും ഇന്ത്യൻ സമുദായം മാത്രമേ ഉള്ളൂവെന്നും കേന്ദ്രത്തിന്‍റെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
ഡൽഹിയിലെ സൈനിക് ഫാം അനധികൃതമായിട്ടും കഴിഞ്ഞ 50 വർഷമായി ആരും അതിനെ തൊട്ടിട്ടില്ല എന്ന് ദവെ തിരിച്ചടിച്ചു. ഡൽഹിയിലെ നിയമവിരുദ്ധ ഫാം ഹൗസുകൾക്കെതിരെയും നടപടിയില്ല. ഇത് ഒരു സമുദായത്തെ തെരഞ്ഞുപിടിച്ചുള്ള പൊളിക്കലാണെന്ന് ദവെ ആവർത്തിച്ചു.
പൊതുവായി എന്ത് ഉത്തരവാണ് തങ്ങൾക്ക് ഇറക്കാൻ കഴിയുക എന്നായിരുന്നു ഇത് കേട്ട ജസ്റ്റിസ് ഗവായിയുടെ ചോദ്യം. നിയമവാഴ്ച പിന്തുടരണമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. എന്ന് കരുതി തങ്ങൾ എങ്ങനെ പൊതു ഉത്തരവിറക്കും? അങ്ങനെ ചെയ്താൽ നിയമപ്രകാരം നടപടി എടുക്കുന്നതിൽ നിന്ന് അധികാരികളെ തടയലാകില്ലേ എന്നും കോടതി ചോദിച്ചു.
മധ്യപ്രദേശിൽ ബി.ജെ.പി സർക്കാർ പ്രതികളാക്കിയവരുടെ വീട് ഇപ്പോഴും തകർത്തുകൊണ്ടിരിക്കുന്നത് ബുധനാഴ്ചത്തെ ഇന്ത്യൻ എക്സപ്രസ് പത്രം ഉദ്ധരിച്ച് ദവെ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. വിഷയം ഗൗരവമേറിയതാണെന്നും അത്തരമൊരു സംസ്കാരം അനുവദിക്കരുതെന്നും ദവെ വാദിച്ചു. ഒരു കുറ്റത്തിൽ പ്രതിയായെന്ന് കരുതി വീട് തകർക്കുന്നത് നമ്മുടെ സമൂഹത്തിന് ചേരുന്നതല്ല. നിയമവാഴ്ചയാണ് നമ്മെ ഭരിക്കേണ്ടത് -ദവെ വാദിച്ചു.
ജഹാംഗീർപുരിയിൽ ബുൾഡോസർ സ്റ്റേ ചെയ്തിട്ടും നഗരങ്ങളിൽനിന്ന് നഗരങ്ങളിലേക്ക് ഇതേ രീതി വ്യാപിക്കുകയാണെന്ന് മുതിർന്ന അഭിഭാഷകനായ സി.യു സിങ്ങും വാദിച്ചു.
കേസുകളിൽ പ്രതികളായത് കൊണ്ടല്ല വീടുകൾ തകർത്തതെന്ന് യു.പി സർക്കാറിന് വേണ്ടി തുഷാർ മേത്തയും അഡ്വ. ഹരീഷ് സാൽവെയും ഒരുപോലെ വാദിച്ചു. ഈ വാദം ഖണ്ഡിച്ച സി.യു സിങ്, പൊളിക്കുമെന്ന് പ്രഖ്യാപിക്കുന്നത് പൊലീസ് ആണെന്നും മുനിസിപ്പൽ അധികാരികളല്ലെന്നും ഓർമിപ്പിച്ചു. പത്രവാർത്തക്ക് പിന്നാലെ പോകേണ്ട എന്നായിരുന്നു സാൽവെയുടെ മറുപടി. പ്രതിയാണെന്ന് കരുതി വീട് പൊളിക്കരുതെന്ന് ഉത്തരവിടാനാവില്ലെന്ന് സാൽവെ വാദിച്ചു. ജംഇയ്യത്തിന്‍റെ കേസ് വിഷയം വൈകാരികമാക്കാനാണെന്നും വീട് നഷ്ടപ്പെട്ടവർ ഹൈകോടതിയിലേക്ക് പോയിട്ടുണ്ടെന്നുമുള്ള മേത്തയുടെ വാദം സി.യു സിങ് ഖണ്ഡിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

