ബി.ബി.സി ഡോക്യുമെന്ററി ജനത്തിന് ഇപ്പോഴും കിട്ടുന്നുണ്ട് -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയും ഹിന്ദുത്വ വാഴ്ചയും പ്രതിപാദിക്കുന്ന ബി.ബി.സിയുടെ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററിക്കുള്ള വിലക്കിനെതിരെ സമർപ്പിച്ച ഹരജികൾ അടിയന്തരമായി കേൾക്കണമെന്ന ആവശ്യം തള്ളി ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.എം. സുന്ദരേഷ് എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് കേസ് ഏപ്രിലിലേക്ക് മാറ്റിവെച്ചു. ബി.ബി.സി ഡോക്യുമെന്ററി ജനങ്ങൾക്ക് ഇപ്പോഴും കിട്ടുന്നുണ്ടെന്ന് അഭിപ്രായപ്പെട്ട ബെഞ്ച് കേന്ദ്ര സർക്കാറിനെ കേൾക്കാതെ ഇടക്കാല ഉത്തരവുകളൊന്നും ഇറക്കില്ലെന്നും വ്യക്തമാക്കി. തുടർന്ന് ഹരജിക്കാർക്ക് മറുപടി നൽകാൻ കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചു.
‘ദ ഹിന്ദു’ ദിനപത്രത്തിന്റെ മുൻ എഡിറ്റർ എൻ.റാം, സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര എന്നിവർ സംയുക്തമായും അഡ്വ. മനോഹർ ലാൽ ശർമ വേറെയും സമർപ്പിച്ച രണ്ട് ഹരജികളാണ് വെള്ളിയാഴ്ച സുപ്രീംകോടതിക്ക് മുമ്പാകെ വന്നത്. ഹരജി അടിയന്തരമായി കേൾക്കാമെന്ന് നേരത്തേ അംഗീകരിച്ച ചീഫ് ജസ്റ്റിസ് വെള്ളിയാഴ്ച ഇവ പരിഗണിക്കാനായി ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.എം. സുന്ദരേഷ് എന്നിവരടങ്ങുന്ന ബെഞ്ചിനാണ് കൈമാറിയത്.
വെള്ളിയാഴ്ച എൻ.റാം, പ്രശാന്ത് ഭൂഷൺ, മഹുവ മൊയ്ത്ര എന്നിവർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി.യു. സിങ് വാദം തുടങ്ങിയപ്പോഴേക്കും ഹൈകോടതിയിലേക്ക് പോകാതെ സുപ്രീംകോടതിയിലേക്ക് വന്നതെന്തിനാണെന്ന് ജസ്റ്റിസ് ഖന്ന ചോദിച്ചു. വിവാദ ഐ.ടി നിയമപ്രകാരമാണ് വിലക്കെന്നും ആ വിലക്കിനെതിരായ ഹരജികൾ സുപ്രീംകോടതിക്ക് മുമ്പാകെയാണെന്നും സിങ് മറുപടി നൽകി.
കേന്ദ്ര സർക്കാർ നൽകിയ രഹസ്യ ഉത്തരവും അതുമായി ബന്ധപ്പെട്ട രേഖകളും കോടതിക്ക് മുമ്പാകെ വെക്കണമെന്ന് സിങ് ആവശ്യപ്പെട്ടു. ഐ.ടി നിയമപ്രകാരം അത്തരം വിലക്കുകൾ 48 മണിക്കൂറിനകം പ്രസിദ്ധപ്പെടുത്തണമെന്ന കാര്യവും സിങ് ചൂണ്ടിക്കാട്ടി. തുടർന്ന് കേന്ദ്ര സർക്കാർ വിലക്കുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

