മീഡിയവൺ സംപ്രേഷണ വിലക്ക്: സുപ്രീംകോടതി വിധി പറയാനായി മാറ്റി
text_fieldsന്യൂഡൽഹി: 'മീഡിയവൺ' സംപ്രേഷണ വിലക്കിനെതിരായ ഹരജി വാദം കേട്ട ശേഷം സുപ്രികോടതി വിധി പറയാനായി മാറ്റി. ചാനലിനെതിരെ കേന്ദ്രസർക്കാറിന്റെ മുദ്ര വെച്ച കവറിലെ ആരോപണങ്ങൾ അവ്യക്തമാണെന്ന് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ഹിമ കോഹ്‍ലി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. സുരക്ഷ അനുമതി നിഷേധിക്കുന്നതിന് കാരണമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച ഫയലിലെ ചില പേജുകളാണ് കോടതി പരിശോധിച്ചത്.
ഫയലിലെ 807-08 പേജും 839-840 പേജുകളിലെ മിനിറ്റ്സുമാണ് പരിശോധിച്ചത്. ആരോപണങ്ങൾ തിരിച്ചറിയത്തക്കതല്ലെന്ന് കേരള ഹൈകോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചതും സുപ്രിംകോടതി ബെഞ്ച് ഓർമിപ്പിച്ചു. സുരക്ഷഭീഷണിയുണ്ടെങ്കിൽ ഡൗൺലിങ്കിങ് ലൈസൻസ് പുതുക്കി നൽകിയത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ഹൈകോടതിയിൽ കേന്ദ്രസർക്കാർ എതിർസത്യവാങ്മൂലം സമർപ്പിക്കാത്തതിൽ ജസ്റ്റിസ് ഹിമ കോഹ്‍ലി അത്ഭുതം പ്രകടിപ്പിച്ചു. അഡീഷണൽ സോളിസിറ്റർ ജനറൽ എഴുതി നൽകുകയായിരുന്നു. ഇത് വിചിത്രമാണെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ഇങ്ങനെ നൽകുന്നത് മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും ഹിമ കോഹ്‍ലി അഭിപ്രായപ്പെട്ടു.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഫയലുകൾ ഹരജിക്കാരുടെ അഭിഭാഷകർക്ക് നൽകാത്തതെനെതന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. മീഡിയവണിനെതിരായി വിധിക്കുകയാണെങ്കിൽപോലും അത്തരം തീരുമാനമെടുത്തത് എന്തിനാണെന്ന് അവർക്ക് അറിയാൻ കഴിയില്ലെന്നത് നീതിയുക്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ആരോപണമെന്തെന്നറിയാത്തിനാൽ പുറകിൽ കൈ കെട്ടിയിട്ട നിലയിലാണ് ഹരജിക്കാർ വാദിക്കേണ്ടി വരുന്നതെന്ന് ജസ്റ്റിസ് ഹിമ കോഹ്‍ലി ബെഞ്ച് അഭിപ്രായപ്പെട്ടു.
മുദ്ര വെച്ച കവറിനോട് വിയോജിപ്പാണെങ്കിലും ദേശസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിൽ ഇക്കാര്യത്തിൽ ഇളവ് നൽകേണ്ടി വരുമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. അപ്‍ലിങ്കിങ് പുതുക്കാൻ സുരക്ഷ അനുമതി വേണ്ടെന്ന് ഹരജിക്കാരായ മാധ്യമം ബ്രോഡ്കാസ്റ്റിങ് കോർപറേഷന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ വാദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിവരങ്ങൾ കൈമാറുന്ന പോസ്റ്റ്ഓഫീസായി വാർത്ത വിതരണ മന്ത്രാലയം മാറിയെന്ന് കേരള പത്രപ്രവർത്തക യുനിയന്റെ അഭിഭാഷകനായ മുകുൾ റോത്തഗി വാദിച്ചു. മീഡിയവൺ എഡിറ്റർ പ്രമോദ് രാമന് വേണ്ടി ഹുസേഫ അഹമ്മദിയും ഹാജരായി.
ചാനലിന്റെ ഓഹരി ഉടമകളുടെ വിവരങ്ങൾ നൽകാൻ കോടതി അഹമ്മദിയോട് നിർദേശിച്ചു. അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം നടരാജാണ് കേന്ദ്ര സർക്കാറിനായി ഹാജരായത്. ഹരജിക്കാർക്കെതിരായ ഇന്‍റലിജൻസ് ബ്യൂറോ റിപ്പോർട്ടിലെ രഹസ്യം പുറത്തുവിട്ടാൽ വളരെ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
പത്ത് വർഷം കൊണ്ട് വിപണിയിൽ സദ്പേരും വിശ്വാസ്യതയുമുണ്ടാക്കിയ മീഡിയാവൺ ചാനലിന് ലൈസൻസ് പുതുക്കൽ പ്രധാനമാണെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസത്തെ വാദത്തിനിടെ അഭിപ്രായപ്പെട്ടിരുന്നു. ചാനൽ പത്ത് വർഷം കൊണ്ടുണ്ടാക്കിയ സദ്പേരുണ്ട്. വിപണിയിൽ നേടിയ വിശ്വാസ്യതയുണ്ട്. അവർ നിക്ഷേപമിറക്കിയിട്ടുണ്ട്. ആളുകൾക്ക് തൊഴിൽ നൽകിയിട്ടുണ്ടെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞിരുന്നു. സുരക്ഷാ ക്ലിയറൻസ് നിഷേധിച്ചാൽ പോലും ഒരു പൗരന് മുമ്പിലുള്ള പരിഹാരമെന്താണെന്നും വ്യക്തമാക്കണമെന്നും ബെഞ്ച് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

