സംപ്രേഷണ വിലക്ക്: മീഡിയവൺ ഹരജി സുപ്രീംകോടതി അടുത്തയാഴ്ച വാദം കേൾക്കും
text_fieldsന്യൂഡൽഹി: സംപ്രേഷണ വിലക്കിനെതിരെ മീഡിയവൺ നൽകിയ ഹരജിയിൽ വാദം കേൾക്കുന്നത് സുപ്രിംകോടതി അടുത്തയാഴ്ചത്തേക്ക് മാറ്റി. കോടതി നടപടി ആരംഭിച്ചപ്പോൾ മുതിർന്ന അഭിഭാഷകനായ ദുഷ്യന്ത് ദവേ മീഡിയവൺ കേസ് ശ്രദ്ധയിൽപ്പെടുത്തി ഉടൻ കേൾക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് അടുത്തയാഴ്ച ലിസ്റ്റ് ചെയ്യാമെന്ന് സമ്മതിച്ചത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആണ് കേസിൽ വാദം കേൾക്കുന്നത്.
ചാനലിന് വിലക്കെർപ്പെടുത്തിയ കേന്ദ്ര നടപടിയെ ചോദ്യം ചെയ്തു മീഡിയവൺ സമർപ്പിച്ച ഹരജിയിൽ ഇന്ന് അന്തിമവാദം കേള്‍ക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. കേന്ദ്രനടപടി മരവിപ്പിച്ച്, മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് സമര്‍പ്പിച്ച സ്പെഷ്യല്‍ ലീവ് ഹരജിയിൽ സുപ്രിംകോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. കേന്ദ്രം സമർപ്പിച്ച മുദ്രവെച്ച കവർ പരിശോധിച്ച ശേഷമാണ് സുപ്രീംകോടതി ചാനലിന് പ്രവർത്തനാനുമതി നൽകിയത്.
മീഡിയവൺ ചാനൽ ഉടമകളോ 325 ജീവനക്കാരോ ഒരു ഘട്ടത്തിലും ദേശസുരക്ഷക്ക് ദോഷകരമായ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് എഡിറ്റർ പ്രമോദ് രാമൻ നൽകിയ ഹരജിയിലും സൂചിപ്പിക്കുന്നു. ആരോപണങ്ങൾക്ക് മറുപടി നൽകാൻ അവസരം നൽകാതെ, തൊഴിൽ നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കെ.യു.ഡബ്ല്യു.ജെ നൽകിയ ഹരജിയിൽ വ്യക്തമാക്കുന്നുണ്ട്. കേന്ദ്രസർക്കാർ തീരുമാനം മാധ്യമ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്.
ചാനൽ ഉടമകളെയും ജീവനക്കാരെയും കേൾക്കാതെ സംപ്രേഷണം അവസാനിപ്പിക്കുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും ഹരജികളിൽ പറയുന്നു. മുതിർന്ന അഭിഭാഷകരായ മുകൾ റോത്തഗി, ദുഷ്യന്ത് ദവെ, ഹുസേഫാ അഹമ്മദി എന്നിവരാണ് ഹരജിക്കാർക്കായി ഹാജരാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

