13 വർഷമായി കോമയിൽ കഴിയുന്ന 32കാരന്‍റെ ദയാവധ അപേക്ഷയിൽ സുപ്രീം കോടതി വിധി ഇന്ന്; നിർണായക വിധിക്കായി ഉറ്റുനോക്കി രാജ്യം
text_fieldsന്യൂഡൽഹി: 13 വർഷമായി കോമയിൽ കഴിയുന്ന ഹരിഷ് റാണ എന്ന 32 കാരന്‍റെ ദയാവധത്തിനു വേണ്ടിയുള്ള അപേക്ഷയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ട്യൂബിന്‍റെ സഹായത്തോടെ ജീവിതം തള്ളിനീക്കുന്ന തന്‍റെ മകന്‍റെ ദുരിതാവസ്ഥ കണ്ടുമടുത്ത മാതാപിതാക്കൾ തന്നെയാണ് ഡിസംബർ 25 ന് ദയാവധം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. വിധി അനുകൂലമായാൽ 2018ൽ ദയാവധം നിയമവിധേയമാക്കിയതിനു ശേഷമുള്ള ആദ്യ കേസായി ചരിത്രത്തിലിടം പിടിക്കും.
2013 ആഗസ്റ്റ് 20നാണ് ഹരിഷ് റാണയുടെ ജീവിതം ആകെ മാറി മറിഞ്ഞത്. ഛണ്ഡീഡ് യൂനിവേഴ്സിറ്റിയിൽ സിവിൽ എൻജിനീയറിങ് വിദ്യാർഥി ആയിരുന്ന ഹരിഷ് ഹോസ്റ്റലിന്‍റെ നാലാമത്തെ നിലയിൽ ബാൽക്കണയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഹരിഷിന്‍റെ ചലന ശേഷി പൂർണമായും നഷ്ടപ്പെട്ട് അബോധാവസ്ഥയിലായി.
എയിംസിലെ മകന്‍റെ ചികിത്സക്കായി ഡൽഹിയിലെ മാതാപിതാക്കൾ വീട് വിറ്റു. ഹരിഷിനെ കൂടാതെ രണ്ട് മക്കൾ കൂടി ഇവർക്കുണ്ട്. 2024ൽ ദയാവധത്തിനായി രക്ഷിതാക്കൾ ഡൽഹി ഹൈകോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചിരുന്നില്ല.
മരുന്ന് കുത്തിവെച്ചുള്ള ദയാവധം ഇന്ത്യയിൽ അനുവദിച്ചിട്ടില്ല. എന്നാൽ 2011ൽ അരുണാ ഷാൻബാഗ് കേസിൽ കോടതി നിഷ്ക്രിയ ദയാവധം അനുവദിച്ചിരുന്നു. ലൈംഗികാതിക്രമത്തെ തുടർന്ന് 42 വർഷം കോമയിൽ കഴിഞ്ഞിരുന്ന നഴ്സായിരുന്നു അരുണ. മരുന്നുകൾ നൽകുന്നത് നിർത്തിയതോടെ 2015ൽ അരുണ മരണത്തിന് കീഴടങ്ങി. മൂന്നു വർഷത്തിനു ശേഷം നിഷ്ക്രിയ ദയാവധത്തിന് സുപ്രീംകോടതി നിയമ സാധുത നൽകി.
ഫീഡിങ് ട്യൂബ് മാറ്റുന്നത് പട്ടിണിക്കിട്ട് കൊല്ലുന്നതിന് തുല്യമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി 2014ൽ ഹരിഷിന്‍റെ ദയാവധം നിരസിച്ചത്. തുടർന്ന് രക്ഷിതാക്കൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് ഹരിഷിന് മികച്ച ചികിത്സ നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ഒരു വർഷത്തിനു ശേഷം വീണ്ടും അവർ മകന്‍റെ അവസ്ഥ തികച്ചും മോശമാണെന്ന് കാണിച്ച് സുപ്രീംകോടതിയെ സമീപിച്ചു. തുടർന്ന് ജസ്റ്റിസ് കെ.ബി പർഡിവാല, കെ.വി വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ച് വിദഗ്ദ അഭിപ്രായത്തിന് പ്രൈമറി, സെക്കണ്ടറി മെഡിക്കൽ ബോർഡുകൾ രൂപീകരിക്കാൻ ആവശ്യപ്പെട്ടു. മരുന്നുകൾ കൊണ്ട് ഹരിഷ് ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്ന് ബോർഡ് വിധിയെഴുതി. ദയാവധത്തിൽ സുപ്രീംകോടതി വിധി എന്തുതന്നെ ആയാലും അത് ഇന്ത്യക്ക് അത് നിർണായക നിമിഷമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

