വിൽപന നികുതിക്ക് പുറമേ സംസ്ഥാനങ്ങൾക്ക് അധിക നികുതി ചുമത്താമെന്ന് സുപ്രീംകോടതി
text_fieldsസുപ്രീം കോടതി
ന്യൂഡൽഹി: വിൽപന നികുതിക്ക് പുറമേ അധിക നികുതിയോ സർചാർജോ ചുമത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരം ശരിവെച്ച് സുപ്രീംകോടതി. 1974ൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി ഇപ്പോഴും നിയമപരമായി നിലനിൽക്കുന്നുണ്ടെന്ന് ഏഴംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ബുധനാഴ്ച ഏകകണ്ഠമായി വിധി പ്രസ്താവിച്ചത്. വിഷയത്തിൽ പുതിയ തീർപ്പിന്റെ ആവശ്യമില്ലെന്നും ജി.എസ്.ടി നിയമം നിലവിൽ വന്നതോടെ തർക്കം പ്രായോഗികമായി അപ്രസക്തമായെന്നും കോടതി നിരീക്ഷിച്ചു.
വിൽപന നികുതിയുടെ നിശ്ചിത ശതമാനമായി കണക്കാക്കുന്ന അധിക നികുതി, വിൽപന നികുതിയുടെ നിരക്ക് വർധിപ്പിക്കുന്നതിന് തുല്യമാണെന്നും വ്യാപാരികളുടെ വരുമാനത്തിന്മേലുള്ള നികുതിയല്ലെന്നും കോടതി വ്യക്തമാക്കി.1974ലെ എസ്. കോടാർ വേഴ്സസ് കേരള സംസ്ഥാനം കേസിലെ വിധി ഇക്കാര്യത്തിൽ ഇപ്പോഴും ബാധകമാണ്. അധിക നികുതി ചുമത്താനുള്ള സംസ്ഥാന നിയമസഭകളുടെ അധികാരവും ഈ വിധിയുടെ അടിസ്ഥാനത്തിലായിരിക്കും വിലയിരുത്തുകയെന്നും ബെഞ്ച് വ്യക്തമാക്കി.
ഒഡിഷ വിൽപന നികുതി നിയമത്തിലെ 5എ വകുപ്പ് ചോദ്യംചെയ്തുള്ള ഹരജിയിൽനിന്നാണ് തർക്കം ഉടലെടുത്തത്. 10 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വാർഷിക വിറ്റുവരവുള്ള വ്യാപാരികൾക്ക് 10 ശതമാനവും ഒരു കോടിക്കു മുകളിൽ വിറ്റുവരവുള്ളവർക്ക് 15 ശതമാനവും അധിക നികുതി ചുമത്താനുള്ള വ്യവസ്ഥയായിരുന്നു ഇത്.
ഇത്തരമൊരു നികുതി ചുമത്താൻ സംസ്ഥാനങ്ങൾക്ക് ഭരണഘടനാപരമായ അധികാരമുണ്ടോ എന്നതായിരുന്നു പ്രധാന ചോദ്യം. നിയമത്തിലെ മാറ്റങ്ങളും 2017ൽ ജി.എസ്.ടി നടപ്പാക്കിയതും കാരണം 1999ൽ ഏഴംഗ ബെഞ്ചിന്റെ പരിഗണനക്കുവിട്ട വിഷയം ഇപ്പോൾ അക്കാദമിക സ്വഭാവം മാത്രമുള്ളതാണെന്ന് കോടതി വിലയിരുത്തി.

