വാങ്ചുകിന്റെ തടങ്കൽ: ഭാര്യയുടെ ഹരജിയിൽ സർക്കാറിന് നോട്ടീസ്
text_fieldsഗീതാഞ്ജലി അംഗ്മോ
ന്യൂഡൽഹി: പൂർണ സംസ്ഥാന പദവിക്കായി ലഡാക്കിൽ നിരാഹാര സമരം നയിച്ചതിന് പിന്നാലെയുണ്ടായ സംഘർഷത്തെ തുടർന്ന് ദേശസുരക്ഷാ നിയമം ചുമത്തി ജയിലിലടച്ച പ്രമുഖ പരിസ്ഥിതി, വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുകിന്റെ മോചനത്തിനായി ഭാര്യ ഗീതാഞ്ജലി അംഗ്മോ സമർപ്പിച്ച ഹരജിയിൽ കേന്ദ്ര സർക്കാറിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.
വാങ്ചുകിന് വൈദ്യസഹായവും ജയിൽ നിയമപ്രകാരം നൽകേണ്ട സൗകര്യങ്ങളും ഉറപ്പാക്കണമെന്നും ഗീതാഞ്ജലിക്ക് ജയിലിൽ സന്ദർശിക്കാമെന്നും കോടതി വ്യക്തമാക്കി. ഹരജി ഒക്ടോബർ 14ന് വീണ്ടും പരിഗണിക്കും. വാങ്ചുകിനെ തടങ്കലിൽ പാർപ്പിച്ചതിന്റെ കാരണങ്ങൾ ഭാര്യയെ ബോധ്യപ്പെടുത്തണമെന്ന് അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. ദേശ സുരക്ഷാ നിയമപ്രകാരം വാങ്ചുകിനെ തടങ്കലിൽ വെച്ചതിന്റെ കാരണങ്ങളെക്കുറിച്ച് ഭാര്യയെ അറിയിക്കാത്തത് വാദം കേൾക്കുന്നതിനിടെ കോടതി ചോദിച്ചു. വാങ്ചുകിന് കാരണങ്ങൾ അറിയാമെന്നും ഭാര്യയെ ബോധ്യപ്പെടുത്തേണ്ട നിയമപരമായ ബാധ്യതയില്ലെന്നും കേന്ദ്ര സർക്കാറിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി.
ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ച് ഹരജിക്കാരൻ പുതിയൊരു പ്രശ്നം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും മേത്ത വാദിച്ചു. അറസ്റ്റിനുള്ള കാരണങ്ങൾ വ്യക്തമാക്കാതെ അതുമായി ബന്ധപ്പെട്ട ഉത്തരവിനെ ചോദ്യം ചെയ്യാൻ സാധിക്കില്ലെന്ന് കപിൽ സിബലും വ്യക്തമാക്കി. കാരണങ്ങൾ ഭാര്യയെ അറിയിക്കണമെന്ന് ആവശ്യപ്പെടുന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന സിബലിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
അറസ്റ്റിനു ശേഷമുള്ള വൈദ്യപരിശോധനയിൽ താൻ മരുന്നുകളൊന്നും കഴിക്കുന്നില്ലെന്ന് വാങ്ചുക് പറഞ്ഞതായി സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഇതിനെ തുടർന്ന് വൈദ്യസഹായം നൽകുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ഹരജിക്കാരുടെ ആവശ്യവും കോടതി പരിഗണിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

