സോനം വാങ്ചുകിന്റെ തടങ്കലിനെ ചോദ്യം ചെയ്തുള്ള ഭാര്യയുടെ ഹരജി സുപ്രീംകോടതി നാളെ പരിഗണിക്കും
text_fieldsന്യൂഡൽഹി: കാലാവസ്ഥാ പ്രവർത്തകനായ സോനം വാങ്ചുകിന്റെ തടങ്കൽ നിയമവിരുദ്ധവും മൗലികാവകാശങ്ങൾ ലംഘിക്കുന്നതുമാണെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ഭാര്യ സമർപ്പിച്ച ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ.വി അഞ്ജരിയയും അടങ്ങുന്ന ബെഞ്ചിന് മുമ്പാകെ ഹരജി വാദം കേൾക്കും.
വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ജെ. ആങ്‌മോയുടെ ഹരജിയിൽ ഒക്ടോബർ 29ന് കേന്ദ്രത്തിന്റെയും ലഡാക്ക് ഭരണകൂടത്തിന്റെയും പ്രതികരണം സുപ്രീംകോടതി തേടിയിരുന്നു. ലഡാക്കിലും ഇന്ത്യയിലുടനീളവും അടിസ്ഥാന വിദ്യാഭ്യാസം, നവീകരണം, പരിസ്ഥിതി സംരക്ഷണം എന്നിവക്കുള്ള സംഭാവനകൾക്ക് മൂന്ന് പതിറ്റാണ്ടിലേറെ സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിൽ അംഗീകാരം നേടിയ വാങ്ചുകിനെ ലക്ഷ്യം വെക്കുന്നത് തികച്ചും അസംബന്ധമായി തോന്നുന്നു എന്ന് ആങ്‌മോ ഹരജിയിൽ പറയുന്നു.
അപെക്സ് ബോഡി ഓഫ് ലേയിലേക്കുള്ള തെരഞ്ഞെടുപ്പിനും, കാർഗിൽ ഡെമോക്രാറ്റിക് അലയൻസ്-ആഭ്യന്തര മന്ത്രാലയം എന്നിവ തമ്മിലുള്ള അവസാന ഘട്ട ചർച്ചകൾക്കും വെറും രണ്ട് മാസം മുമ്പ് ഭൂമി പാട്ടം റദ്ദാക്കൽ, എഫ്.സി.ആർ.എ റദ്ദാക്കൽ, സി.ബി.ഐ അന്വേഷണം ആരംഭിക്കൽ, ആദായനികുതി വകുപ്പിൽ നിന്ന് സമൻസ് എന്നിവ അദ്ദേഹത്തിന് നേരിടേണ്ടിവന്നുവെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി.
ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂൾ പദവിയും ആവശ്യപ്പെട്ട് നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളിൽ കേന്ദ്രഭരണ പ്രദേശത്ത് നാലു പേർ കൊല്ലപ്പെടുകയും 90 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് രണ്ടു ദിവസത്തിനു ശേഷം, അക്രമത്തിന് പ്രേരിപ്പിച്ചതായി ആരോപിച്ച് സെപ്റ്റംബർ 26ന് ദേശീയ സുരക്ഷാ നിയമപ്രകാരം (എൻ.എസ്.എ) വാങ്ചുകിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അന്നു മുതൽ അദ്ദേഹം ജയിലിലാണ്.
ജയിലിൽ, വാങ്‌ചുക്ക് ജയിൽ ജീവനക്കാരുടെ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്നുവെന്നും കുട്ടികളെ വളർത്തുന്നതിനെക്കുറിച്ചുള്ള പാഠങ്ങളും അവരുടെ മാതാപിതാക്കൾക്ക് മാർഗനിർദേശങ്ങളും നൽകുന്നുവെന്നും വാങ്‌ചുകിന്റെ ഭാര്യ ഗീതാഞ്ജലി ജെ ആങ്‌മോ ‘എക്‌സിൽ’ പറഞ്ഞു. ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്‌സ് ലഡാക്കിന്റെ സഹസ്ഥാപക കൂടിയാണിവർ. ‘ആലിപൂർ ജയിലിൽ ഒരു വർഷം തടവിൽ കഴിഞ്ഞതിനെക്കുറിച്ചുള്ള അരബിന്ദോയുടെ ആത്മകഥാപരമായ വിവരണം ‘ടെയിൽസ് ഓഫ് ജയിൽ ലൈഫ്’ അദ്ദേഹം ആസ്വദിക്കുന്നുവെന്നും അവർ എഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

