‘മുസ്‍ലിംകളെ അധിക്ഷേപിക്കുകയും പൈശാചികവൽക്കരിക്കുകയും ചെയ്യുന്നു’; അസം ബി.ജെ.പിയുടെ വിദ്വേഷ വിഡിയോക്കെതിരായ ഹരജി പരിഗണിക്കാൻ സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ബി.ജെ.പി അധികാരത്തിൽ നിന്ന് പുറത്തുപോയാൽ മുസ്‍ലിംകൾ സംസ്ഥാനം പിടിച്ചെടുക്കുമെന്ന വാദത്തെ പിന്തുണക്കുന്ന തരത്തിൽ അസം ബി.ജെ.പി പ്രചരിപ്പിച്ച വിഡിയോക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ഹരജി പരിഗണിക്കാമെന്ന് സുപ്രീംകോടതി. മുസ്‍ലിംകളെ ലക്ഷ്യംവെക്കുകയും അധിക്ഷേപിക്കുകയും പൈശാചികവൽക്കരിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് മുൻ പട്ന ഹൈകോടതി ജഡ്ജി അഞ്ജന പ്രകാശും പത്രപ്രവർത്തകൻ ഖുർബാൻ അലിയും സമർപിച്ച അപേക്ഷയിലാണ് ഇടപെടൽ.
ജസ്റ്റുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിനു മുമ്പാകെ ഹരജിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ നിസാം പാഷ, സുപ്രീംകോടതി ഉത്തരവു ലംഘിച്ച് ഒരു സമുദായത്തെ ലക്ഷ്യംവെച്ചുള്ള കുറ്റകരമായ വിഡിയോ അപ്ലോഡ് ചെയ്തിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ബോധിപ്പിച്ചു. വിഡിയോ സമൂഹ മാധ്യമത്തിൽ നിന്ന് നീക്കം ചെയ്യാനും നേരിട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും നിർദേശങ്ങൾ നൽകണമെന്നും അദ്ദേഹം കോടതിയോട് അഭ്യർഥിച്ചു. ഹ്രസ്വമായ വാദം കേട്ട ശേഷം ബെഞ്ച് നോട്ടീസ് അയക്കുകയും കേസ് ഒക്ടോബർ 28ലേക്ക് കൂടുംതൽ വാദം കേൾക്കലിനായി മാറ്റുകയും ചെയ്തു.
ബി.ജെ.പി അസം യൂനിറ്റ് സെപ്റ്റംബർ 15ന് അവരുടെ ഔദ്യോഗിക ‘എക്സ്’ ഹാൻഡിൽ ആയ ‘ബി.ജെ.പി അസം പ്രദേശ്’ വഴി പ്രചരിപ്പിച്ച വിഡിയോയിൽ അസമിൽ ബി.ജെ.പി അധികാരത്തിൽ തുടർന്നില്ലെങ്കിൽ മുസ്‍ലിംകൾ അസം കയ്യടക്കുമെന്ന് ചിത്രീകരിക്കുന്ന തികച്ചും തെറ്റായ വിവരണം കാണിക്കുന്നു.
നിലവിലെ ഭരണം കൊണ്ടുവന്ന മാറ്റങ്ങളും വിഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. കൂടാതെ തേയിലത്തോട്ടങ്ങൾ, ഗുവാഹത്തി വിമാനത്താവളം, ഗുവാഹത്തി അക്കോളാഡ്, അസം രംഗർ, ഗുവാഹത്തി സ്റ്റേഡിയം, ഗുവാഹത്തി ടൗൺ എന്നിവ തൊപ്പികളും ബുർഖയും ധരിച്ച മുസ്‍ലിം വിഭാഗം കൈയടക്കുന്നതായി ദൃശ്യവൽക്കരിച്ചിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നു. സാമുദായിക സംഘർഷം, അശാന്തി, ശത്രുത എന്നിവ കൂടുതൽ വ്യാപിക്കുന്നത് തടയാൻ വിഡിയോ ഉടൻ പിൻവലിക്കണമെന്നും അവർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

